പാലായിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു; അഞ്ച് മരണം

കോട്ടയം: പാലാ- തൊടുപുഴ റൂട്ടില്‍ മാനത്തൂര്‍ പളളിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. കടനാട് ഇരുവേലിക്കുന്നേല്‍ പ്രമോദ് സോമന്‍(31), കടനാട് കിഴക്കേക്കര വിഷ്ണുരാജ് (അപ്പൂസ് 28), വെളളിലാപ്പളളി നടുവിലേക്കുറ്റ് ജോബിന്‍സ് കെ ജോര്‍ജ്(27), കടനാട് മലേപ്പറമ്പില്‍ എന്‍ പി ഉല്ലാസ് (38), അറയ്ക്കപ്പറമ്പില്‍ സുധി ജോര്‍ജ് (ജിത്തു 28) എന്നിവരാണ് മരിച്ചത്.

അന്തീനാട് മലയില്‍ പ്രഭാത് (25) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രമോദും വിഷ്ണുരാജും ജോബിന്‍സും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വൈകിട്ട് ആറരയോടെയാണ് അപകടം.
തൊടുപുഴ ഭാഗത്ത് നിന്നും പാലായിലേക്ക് വരുന്നതിനിടെ മൈല്‍ക്കുറ്റിയിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ തൊട്ടടുത്ത കടയിലേക്കും അതിനോട് ചേര്‍ന്നുളള വീട്ടിലേക്കും പാഞ്ഞുകയറി. തുടര്‍ന്ന് മരത്തിലിടിച്ച് ഉയര്‍ന്നുപൊങ്ങി തലകുത്തി മറിയുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം കത്തുകയും ചെയ്തു.

വയനാട്ടില്‍ വിനോദയാത്രയ്ക്ക് പോയ ശേഷം തിരിച്ചുവരുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ മൂന്നു പേര്‍ കാറിനുളളില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണു. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

error: Content is protected !!