കേരളം വിധി എഴുതാൻ ഇനി 8 നാൾ

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരാഴ്ച കൂടി ബാക്കി. അണഞ്ഞിരുന്ന ശബരിമല വിഷയം മോദിയുടെ പ്രസംഗത്തോടെ വീണ്ടും ആയുധമാക്കാനുള്ള ശ്രമം ബി.ജെ.പി തുടങ്ങിയപ്പോള്‍ ഇതിനെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇടത് ക്യാമ്പ്. രാഹുല്‍ ഗാന്ധിയെ വീണ്ടും പ്രചാരണത്തിനിറക്കി പരിപാടികള്‍ക്ക് ആവേശം കൂട്ടാനാണ് കോണ്‍ഗ്രസ്സ് നീക്കം.

കേരളം പോളിംഗ് ബൂത്തിലേക്ക് കടക്കാന്‍ ഇനി എട്ട് നാള്‍ കൂടി. ഒരാഴ്ച കൊണ്ട് പരസ്യ പ്രചാരണം അവസാനിക്കും. ആവനാഴിയിലെ ആയുധങ്ങളോരോന്നായി ഗോദയിലിറക്കി പരമാവധി വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളും. സ്ഥാനാര്‍ത്ഥികളെ ആദ്യം നിര്‍ണ്ണയിച്ചുകൊണ്ട് പ്രചാരണ പരിപാടികളില്‍ മുന്നേറിയ ഇടതിനൊപ്പം മറ്റ് മുന്നണികളും ഒപ്പമെത്തി. ഒന്‍പത് സിറ്റിംഗ് എം.എല്‍.എമാരെയാണ് എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാര്‍ത്ഥികളാക്കിയത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതോടെ കേരളം ദേശീയ ശ്രദ്ധയിലേക്കുമുയര്‍ന്നു. വയനാട് സ്വാധീനമുള്ള മുസ്ലീം ലീഗിനെ വര്‍ഗ്ഗീയ പാര്‍ട്ടിയായി ചിത്രീകരിച്ചുകൊണ്ടാണ് സി.പി.എമ്മും ബി.ജെ.പിയും രാഹുലിനെ നേരിട്ടത്.

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ ഉയര്‍ന്ന ഒളിക്യാമറാ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കാസര്‍ഗോട് പെരിയയിലെ ഇരട്ടക്കൊലപാതകം വേണ്ട രീതിയില്‍ പ്രചാരണത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന പൊതുവികാരം അണികളുയര്‍ത്തുന്നു. ശബരിമലയല്ലാതെ മറ്റ് വിഷയങ്ങളില്ലെന്ന തിരിച്ചറിവിലാണ് ബി.ജെ.പി. തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയിലൂടെ അവര്‍ അതിന് തുടക്കം കുറിച്ചു. നരേന്ദ്ര മോദിയും ശബരിമല പരാമര്‍ശിച്ചതോടെ ഇടത് ക്യാമ്പ് പ്രതിരോധ നീക്കങ്ങളുമായെത്തി.

മുഖ്യമന്ത്രി പിണറായി വിജയനെ മുന്നില്‍ നിര്‍ത്തിയാണ് ഇടത് നീക്കം. 18ന് മോദി വീണ്ടും കേരളത്തിലെത്തും. രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനായി സംസ്ഥാനത്തെത്തുന്നുണ്ട്. ഒന്‍പത് ജില്ലകളില്‍ രാഹുല്‍ പ്രസംഗിക്കുന്നതിലൂടെ നിലവിലെ പ്രചാരണങ്ങള്‍ക്ക് ഇരട്ടി ശക്തി പകരുമെന്നാണ് കോണ്‍ഗ്രസ്സ് കണക്ക് കൂട്ടല്‍. അതിനാല്‍ ഈ ഒരാഴ്ചക്കാലം കേരളം ഇടത്, വലത്, എന്‍.ഡി.എ മുന്നണികളുടെ ശക്തി പ്രകടനത്തിനാകും സാക്ഷ്യം വഹിക്കുക.

error: Content is protected !!