തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 23നു രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെ പോളിംഗ് നടക്കും. 

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന് ജില്ലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. സ്വതന്ത്രവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പാക്കാനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. നാളെ (ഏപ്രില്‍ 23) രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പോളിംഗ്.
ജില്ലയില്‍ 11 നിയമസഭാ മണ്ഡലങ്ങളിലായി പ്രവാസി വോട്ടര്‍മാരടക്കം ആകെ 1964454 പേരാണുള്ളത്. 10,40,028 സ്ത്രീകളും 9,24,421 പുരുഷന്‍മാരും 5 ട്രാന്‍സ്ജെന്ററുമാണ്. 6494 സര്‍വ്വീസ് വോട്ടര്‍മാരുമുണ്ട്. ഇതില്‍ 6278 പുരുഷന്‍മാരും 216 സ്ത്രീകളുമാണ്.
ഇവര്‍ക്കായി ജില്ലയില്‍ ആകെ 1857 പോളിങ്ങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ നിയമസഭാ മണ്ഡലം തലത്തില്‍ ഒരുക്കിയിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍വെച്ച് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉള്‍പ്പെടെയുള്ള പോളിങ്ങ് സാമഗ്രികള്‍ വിതരണം ചെയ്യും. രാവിലെ എട്ട് മണിക്ക് പോളിങ്ങ് ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) എ കെ രമേന്ദ്രന്‍ അറിയിച്ചു. വൈകിട്ടോടെ പോളിങ്ങ് ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തും.
ജില്ലയില്‍ 134 ക്രിറ്റിക്കല്‍ ബൂത്തുകളും 39 മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ബൂത്തുകളുമാണുള്ളത്. വിവിധ വിഭാഗങ്ങളില്‍ പെട്ട പ്രശ്നസാധ്യത ബൂത്തുകളില്‍ പ്രശ്നത്തിന്റെ ഗൗരവത്തിനനുസരിച്ച് ശക്തമായ സുരക്ഷാ സന്നാഹമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. സേനകള്‍ക്കു പുറമെ ഇവിടങ്ങളില്‍ വെബ്കാസ്റ്റിംഗും ലൈവ് വീഡിയോ കവറേജും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 1079 ബുത്തുകള്‍ സെന്‍സിറ്റീവ്, 274 എണ്ണം ഹൈപ്പര്‍ സെന്‍സിറ്റീവ് എന്നീ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ മണ്ഡലങ്ങളിലായി വോട്ടര്‍മാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുന്ന 233 വള്‍ണറബ്ള്‍ ബൂത്തുകളും ജില്ലയിലുണ്ട്. ഇവിടങ്ങളിലെ 9510 വോട്ടര്‍മാരെയാണ് ഈ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് സുഖമമായി വോട്ടു ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്.

error: Content is protected !!