കണ്ണൂർ എയർപോർട്ടിൽ നിന്നും ഇൻഡിഗോ വഴി യാത്ര ബുക്ക് ചെയ്യുന്നവർ ശ്രദ്ധിക്കുക; ഇൻഡിഗോ സർവീസ് നിർത്താൻ സാധ്യത.

 

മട്ടന്നൂർ: ചെക് ഇൻ കോമൺ സർവീസിനെ ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിൽ ഇൻഡിഗോ എയർലൈൻസിന്റെ സേവനം കണ്ണൂർ എയർപോർട്ടിന് നഷ്ടമാകുന്നു. ഡൽഹി, മുംബൈ, കൊച്ചി, ഹൈദരാബാദ്, ബാംഗ്ലൂർ എയർപോർട്ടുകളിൽ നൽകുന്ന സർവീസ് ചാർജ്ജ് ഇവിടെ നൽകാൻ തയ്യാറാകാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.

ബാഗേജ് റീ കൺസിലിയേഷൻ സിസ്റ്റം ഉപയോഗിക്കാതെയുള്ള ഇൻഡിഗോയുടെ പ്രവർത്തനം യാത്രക്കാർക്ക് അനാവശ്യ കാല താമസവും അസൗകര്യവും ഉണ്ടാക്കുന്നതായും ഇത് അംഗീകരിക്കില്ലെന്നും എയർപോർട്ട് അതോറിറ്റി പറയുന്നു. ഗ്ലോബൽ ടെൻഡറിലൂടെ നിയമിച്ച സിറ്റ എന്ന കമ്പനിക്കാണ് ഈ സേവനങ്ങളുടെ മേൽനോട്ടം. മറ്റ് എല്ലാ എയർലൈനുകളും പ്രയോജനപ്പെടുത്തുന്ന ഈ സേവനങ്ങൾ ഉപയോഗിക്കാനുളള കരാറിൽ ഇൻഡിഗോ ഒപ്പിട്ടിരുന്നില്ല. ഇതിനായി ഇൻഡിഗോ ഫെബ്രുവരി 22 വരെ സമയം ചോദിച്ചെങ്കിലും പിന്നീട് തയ്യാറായിട്ടില്ല.

തുടർന്ന് മാർച്ച് 30 സമയപരിധി നിശ്ചയിച്ചു. അതിനായി 26 ന് ഒരു മീറ്റിംഗും നടന്നു. പക്ഷെ, ഇൻഡിഗോ യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറായില്ല. സമീപ കാലത്ത് സേവനമാരംഭിച്ച കണ്ണൂർ എയർപോർട്ടിന് ഇത്തരം നഷ്ടങ്ങൾ സഹിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ഭീമമായ ബാദ്ധ്യതകൾ ഇതുമൂലം ഏറ്റെടുക്കേണ്ടി വരുന്നതായും എയർപോർട്ട് അതോറിറ്റി പറഞ്ഞു. യാത്രക്കാരുടെ അസൗകര്യം പരിഗണിച്ച് ഈ മാസം 30വരെ ഇൻഡിഗോ എയർലൈൻസിന് സമയം നീട്ടിക്കൊടുത്തിട്ടുണ്ട്. അതിനു ശേഷവും കരാർ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ സേവനം തുടരാനാകില്ല. ഇൻഡിഗോയിൽ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഒത്തു തീർപ്പ് ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

 

 

error: Content is protected !!