കണ്ണൂരിൽ മികച്ച പോളിംഗ് ; 81.74 ശതമാനം പോളിംഗ് രേഖപ്പെടുത്തി

വീറും വാശിയും നിറഞ്ഞ പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ മികച്ച പോളിംഗ്. 81.74 ശതമാനം വോട്ടാണ് കണ്ണൂര്‍ ജില്ലയില്‍ രേഖപ്പെടുത്തിയത്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ 81.87 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

മിക്ക ബൂത്തുകളിലും ഏഴ് മണിക്ക് മുമ്പുതന്നെ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ചിലയിടങ്ങളില്‍ ഇലക്‌ട്രോണിക്‌സ് വോട്ടിംഗ് യന്ത്രം തകരാറായതിനെ തുടര്‍ന്ന് വോട്ടിംഗ്  പ്രക്രിയ തുടങ്ങാന്‍ താമസം നേരിട്ടു. അതിനാല്‍ ആദ്യ മണിക്കൂറില്‍ താരതമ്യേന കുറഞ്ഞ വോട്ടിംഗ്് നിരക്കായ നാല് ശതമാനമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഒമ്പത് മണിയോടെ കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ 11.87 ശതമാനമായി വോട്ടിംഗ് നില ഉയര്‍ന്നു. 18.36 ശതമാനം വോട്ടാണ് രാവിലെ പത്ത് മണിക്കുള്ളില്‍ ജില്ലയില്‍ രേഖപ്പെടുത്തിയത്. ഇത് 11.30 ഓടെ 30.51 ശതമാനമായി ഉയര്‍ന്നു. ഒരു മണിയോടെ ശതമാനം 44.27 ആയി. രണ്ട് മണി കഴിഞ്ഞതോടെ പകുതിയിലേറെപ്പേരും വോട്ട് ചെയ്യുന്ന നിലയിലെത്തി. ശതമാനം 52.84 ആയി. ഉച്ച സമയത്ത് പോളിംഗില്‍ നേരിയ മന്ദഗതി കണ്ടെങ്കിലും നാല് മണിയോടെ 67.81 എന്ന നിലയിലേക്ക് കുതിച്ചുയര്‍ന്നു. വോട്ടിംഗ് അവസാനിക്കേണ്ട ആറു മണിക്ക് 77.42 ശതമാനമയിരുന്നു പോളിംഗ്. ആറു മണിക്ക് 625 ബൂത്തുകളില്‍ ആളുകള്‍ വോട്ട് ചെയ്യാന്‍ വരിനില്‍ക്കുന്നുണ്ടായിരുന്നു.

തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളാണ് ജില്ലയില്‍ പോളിംഗില്‍ മികച്ചു നിന്നത്. തളിപ്പറമ്പില്‍ 85.37 ശതമാനവും പയ്യന്നൂരില്‍ 84.93 ശതമാനവുമായിരുന്നു പോളിംഗ്. 78.60 ശതമാനവുമായി കണ്ണൂര്‍ അസംബ്ലി മണ്ഡലം ഏറ്റവും പിറകിലായി.

പയ്യന്നൂര്‍- 84.93, കല്യാശ്ശേരി- 81.79, തളിപ്പറമ്പ് 85.37-, ഇരിക്കൂര്‍- 80.37, അഴീക്കോട്-80.28, കണ്ണൂര്‍-78.60, ധര്‍മ്മടം-83.31, മട്ടന്നൂര്‍- 83.90, പേരാവൂര്‍- 80.17, തലശ്ശേരി-79.19, കൂത്തുപറമ്പ്-80.30  എന്നിങ്ങനെയാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം.

error: Content is protected !!