രാഹുൽ കെ എം മാണിയുടെ വീട് സന്ദർശിച്ചു

അന്തരിച്ച കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം.മാണിക്ക് ആദരാഞ്ജലി അർപ്പിക്കാനും കുടുംബാംഗങ്ങളെ നേരിൽ കാണാനും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തി. പാലായിലെ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ എത്തിയ അദ്ദേഹം ബന്ധുക്കളുമായി 15 മിനിറ്റോളം സംസാരിച്ചു. ഉച്ചയ്ക്ക് രണ്ടോടെയാണ് അദ്ദേഹം പാലായിൽ എത്തിയത്. രാഹുലിന്‍റെ വരവറിഞ്ഞ് നൂറുകണക്കിന് ആളുകൾ പാലായിൽ തടിച്ചുകൂടിയിരുന്നു.

കേരളത്തിന്‍റെ ശബ്ദമായിരുന്ന നേതാവായിരുന്നു കെ.എം.മാണിയെന്നും മുതിർന്ന നേതാവിന്‍റെ വാക്കുകൾ താൻ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മകൻ ജോസ് കെ.മാണി ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ രാഹുലിനെ സ്വീകരിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ്-എം എംഎൽഎമാർ, നേതാക്കൾ, കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയ നേതാക്കളുടെ വലിയ പട രാഹുലിനൊപ്പം ഉണ്ടായിരുന്നു.

error: Content is protected !!