പ്രളയനാന്തര പുനർനിർമ്മാണം ; മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചു

പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച അവലോകനം ചെയ്തു.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ഡോ. ആശാ തോമസ്, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഡോ.വി. വേണു എന്നിവരും ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാരും പങ്കെടുത്തു.

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം, റിപ്പയര്‍ എന്നിവ സംബന്ധിച്ചു ലഭിച്ച അപ്പീലുകള്‍ മെയ് മാസം തന്നെ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഭൂമി നഷ്ടപ്പെട്ടവര്‍ക്കും പുറമ്പോക്കില്‍ ഭൂമിയുണ്ടായിരുന്നവര്‍ക്കും പകരം ഭൂമി കണ്ടെത്താനുള്ള നടപടികളും മെയ് മാസം പൂര്‍ത്തിയാക്കണം. സമയബന്ധിതമായി ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ജില്ലാതലത്തില്‍ മന്ത്രിമാര്‍ മേല്‍നോട്ടം വഹിക്കും. റോഡ് പുനര്‍നിര്‍മ്മാണവും റിപ്പയറിങ്ങും മഴയ്ക്കു മുമ്പ് പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ലോക ബാങ്കില്‍ നിന്ന് 3,596 കോടി രൂപയാണ് വായ്പയെടുക്കുന്നത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ജുണ്‍ അവസാനം ചേരുന്ന ലോകബാങ്ക് ബോര്‍ഡ് യോഗത്തില്‍ വായ്പ അനുവദിച്ചുകൊണ്ടുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70:30 അനുപാതത്തിലാണ് ലോകബാങ്ക് വായ്പ. 1,541 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതമുണ്ടാകും. മൊത്തം 5,137 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് ലഭ്യമാകും. 2019-20 സാമ്പത്തിക വര്‍ഷം ഇതില്‍ 1,541 കോടി രൂപയാണ് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്.

error: Content is protected !!