കരുതലോടെ സർക്കാർ ; സംസ്ഥാനമൊട്ടാകെ മഴക്കാല പൂര്‍വ്വ ശുചിക്കരണം മെയ് 11,12 തിയ്യതികളിൽ

മെയ് 11, 12 തീയതികളില്‍ സംസ്ഥാനത്താകെ ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്‍റെ ഭാഗമായാണ് ഈ പരിപാടി. മെയ് 3, 4 തീയതികളില്‍ ജില്ലകളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകനയോഗങ്ങള്‍ ചേരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരും മറ്റു ജനപ്രതിനിധികളും ഈ യോഗത്തില്‍ പങ്കെടുക്കും. വാര്‍ഡുതല ശൂചീകരണ സമിതികളെ സജീവമാക്കി മഴക്കാലത്തിനു മുമ്പ് ജനപങ്കാളിത്തത്തോടെ നാടും നഗരവും ശുചിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

യോഗത്തില്‍ മന്ത്രിമാരായ എ.സി. മൊയ്തീന്‍, കെ.കെ. ശൈലജ, എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി. ഇ. ചന്ദ്രശേഖരന്‍, അഡ്വ. കെ. രാജു, സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോം ജോസ്, ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുത്തു. ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 4 മുതല്‍ സംസ്ഥാനത്താകെ ശുചീകരണം നടന്നുവരികയാണ്. ഇതോടൊപ്പം നീര്‍ച്ചാലുകള്‍ വൃത്തിയാക്കണമെന്നും നദികളില്‍ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ അതു നീക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പുതുതായി നിര്‍മ്മിച്ചതും വൃത്തിയാക്കിയതുമായ എല്ലാ കുളങ്ങളും സംരക്ഷിക്കണം. റോഡിന്‍റെ വശങ്ങളില്‍ മാലിന്യം തള്ളുന്ന പ്രവണത പല സ്ഥലങ്ങളിലും കാണുന്നുണ്ട്. അതു കര്‍ശനമായി തടയുകയും ഉള്ള മാലിന്യം നീക്കുകയും വേണം. കേന്ദ്രീകൃത മാലിന്യസംസ്കരണ പ്ലാന്‍റുകളുടെ നിര്‍മാണം വേഗം പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

error: Content is protected !!