തളിപ്പറമ്പിലെ കാൽലക്ഷം കവർച്ച കേസ് വ്യാജം; കടബാധ്യതയിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമെന്ന് തെളിഞ്ഞു.

 

തളിപ്പറമ്പ്: ക്വാർട്ടേഴ്സിൽ കയറി മുളകുപൊടി വിതറി വെട്ടിപ്പരിക്കേൽപ്പിച്ച് രണ്ടംഗ സംഘം കാൽ ലക്ഷം രൂപ കവർന്നതായുള്ള വ്യാപാരിയുടെ പരാതി വ്യാജമെന്ന് തെളിഞ്ഞതായി തളിപ്പറമ്പ് പൊലീസ്. കുറുമാത്തൂർ പൊക്കുണ്ടിലെ താമസക്കാരനും മലപ്പുറം നിലമ്പൂർ സ്വദേശിയുമായ മച്ചിങ്ങൽ അഷറഫിന്റെ(42)​ പരാതിയാണ് വ്യാജമെന്ന് തെളിഞ്ഞത്. ഫോണിൽ വിളിച്ച് കവർച്ചക്കാർ ആക്രമിച്ച് പണം കവർന്നതായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഡിവൈ.എസ്.പി എം.കൃഷ്ണൻ പറഞ്ഞു. ലക്ഷങ്ങളുടെ കടബാധ്യതയിൽ രക്ഷപ്പെടുന്നതിനാണ് അക്രമവും കവർച്ചയും നടന്നതായി പ്രചരിപ്പിച്ചതെന്ന് അഷറഫ് അന്വേഷണ സംഘത്തോട് സമ്മതിച്ചു.
പൊക്കുണ്ട് കൂനം റോഡിലെ കെ.പി.ആർക്കേഡിൽ പ്രവർത്തിക്കുന്ന എം എസ് ഹോം അപ്ലയൻസസ് എന്ന സ്ഥാപനത്തിന്റെ പാർട്ണറാണ് അഷറഫ്. കഴിഞ്ഞ 20 വർഷമായി അഷറഫും സഹോദരൻ മൊയ്തീനും ഇൻസ്റ്റാൾമെന്റിൽ വീട്ട്‌സാധനങ്ങൾ വിൽപനനടത്തിവരികയാണ്. കെ.പി.ആർക്കേഡിൽ തന്നെയുള്ള ക്വാർട്ടേഴ്‌സിലാണ് ഇരുവരും താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10.45 ഓടെയാണ് കടയിലുള്ള മൊയ്തീനെ ഫോണിൽ വിളിച്ച് അഷറഫ് നിലവിളിച്ചത്. ഉടൻ തന്നെ ക്വാർട്ടേഴ്‌സിലെത്തിയ മൊയ്തീന് ചോരയിൽ കുളിച്ച് കിടക്കുന്ന അഷറഫിനെയാണ് കാണാനായത്. പത്തരയോടെ രണ്ടംഗ സംഘം ക്വാർട്ടേഴ്‌സിലെത്തി മുളക്‌പ്പൊടി വിതറിയ ശേഷം വടിവാൾ വീശി പരിക്കേൽപ്പിച്ച് അലമാരയിൽ സൂക്ഷിച്ച കളക്ഷൻ ഇനത്തിൽ ലഭിച്ച ഇരുപത്തി അയ്യായിരം രൂപ കവർച്ച നടത്തിയതായിട്ടാണ് അഷറഫ് പറഞ്ഞത്. ഉടൻതന്നെ അഷറഫിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. കൈയിലും കഴുത്തിലുമായി ആറിടങ്ങളിൽ മുറിവുകൾ ഉണ്ടാായിരുന്നു. തളിപ്പറമ്പ് സി ഐ എ.അനിൽകുമാർ, എസ് ഐ കെ.കെ.പ്രശോഭ് എന്നിനിവരുടെ നേതൃത്വത്തിൽ ഡി വൈ എസ് പിയുടെ സ്‌ക്വാഡ് ഉൾപ്പെടെ നടത്തിയ അന്വേഷണത്തിലാണ് ഇത് അഷറഫ് കെട്ടിച്ചചമച്ചതാണൈന്ന് തെളിഞ്ഞത്.

error: Content is protected !!