സരിതയുടെ രണ്ടു പത്രികകളും തള്ളി; മത്സരിക്കാനാവില്ല.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സരിത.എസ്.നായർക്ക് മത്സരിക്കാൻ കഴിയില്ല. സരിതയുടെ നാമനിർദ്ദേശ പത്രിക രണ്ടു മണ്ഡലങ്ങളിലും തള്ളി. വയനാട്, എറണാകുളം മണ്ഡലങ്ങളിൽ നൽകിയ നാമനിർദ്ദേശ പത്രികകളാണ് തള്ളിയത്. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിർദ്ദേശ പത്രിക തള്ളിയതെന്നാണ് വരണാധികാരി നൽകുന്ന വിശദീകരണം.

സ്വതന്ത്ര സ്ഥാനാർഥിയായ സരിത രണ്ടുവർഷം ജയിൽശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമാണെന്ന് വരണാധികാരി കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിന്മേൽ അപ്പീൽ പോയിരിക്കുകയാണെന്ന് സ്ഥാനാർഥിയെ പ്രതിനിധാനം ചെയ്തെത്തിയ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇക്കാര്യം തെളിയിക്കാൻ ആവശ്യമായ രേഖ വരണാധികാരി ആവശ്യപ്പെട്ടെങ്കിലും നൽകാൻ കഴിഞ്ഞില്ല. രേഖകൾ ഹാജരാക്കാൻ അനുവദിച്ച സമയം അവസാനിച്ചതിനെ തുടർന്നാണ് പത്രിക തള്ളിയത്.

സോളാർ കേസുമായി ബന്ധപ്പെട്ടായിരുന്നു സരിത രണ്ട് കേസുകളിൽ ശിക്ഷയനുഭവിച്ചത്.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ടെന്നും എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും എറണാകുളം കളക്ടറേറ്റിൽ നാമനിർദ്ദേശപത്രിക വാങ്ങാൻ എത്തിയപ്പോൾ സരിത പറഞ്ഞിരുന്നു. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത എസ് നായര്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.

തട്ടിപ്പുകാരി എന്ന് പറഞ്ഞ് എല്ലാ തെര‍ഞ്ഞെടുപ്പ് കാലത്തും പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്. ഈ നടപടിയെ ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നും അല്ലാതെ ജയിച്ച്‌ എംപിയായി പാര്‍ലമെന്‍റില്‍ പോയി ഇരിക്കാനല്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

error: Content is protected !!