‘ബിജെപിക്ക് ആരും വോട്ട് ചെയ്യരുത്’ ; കുറിപ്പെഴുതിയ ശേഷം കർഷകൻ ആത്‍മഹത്യ ചെയ്തു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ”ആരും ബി.ജെ.പിക്ക് വോട്ട് ചെയ്യരുത്” എന്ന് കുറിപ്പെഴുതിവെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലാണ് സംഭവം. 65 കാരനായ ഈശ്വര്‍ ചന്ദ് ശര്‍മ്മ എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്.

ഭീമമായ കടക്കെണിയിലായിരുന്നു ഈശ്വര്‍. തന്റെ കടങ്ങള്‍ക്കും മരണത്തിനും ഉത്തരവാദി സര്‍ക്കാരാണെന്ന് എഴുതിവെച്ചാണ് ഈശ്വര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ”അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരെ ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞു. ഇനിയും അവര്‍ക്ക് വോട്ട് ചെയ്യരുത്. ചെയ്താല്‍ അവര്‍ എല്ലാവരെയും ചായ വില്‍പ്പനക്കാരാക്കും.” ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

കര്‍ഷകന്റെ ആത്മഹത്യയും കുറിപ്പും ബി.ജെ.പിക്കെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈശ്വര്‍ ചന്ദ് കാര്‍ഷികാവശ്യത്തിനായി ഒരു മധ്യസ്ഥന്‍ വഴി ബാങ്കില്‍ നിന്നും അഞ്ച് ലക്ഷം രൂപ വായ്‍പ എടുത്തിരുന്നു. ജാമ്യം നിന്ന മധ്യസ്ഥന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മധ്യസ്ഥന്‍, ഒത്തുതീര്‍പ്പിനായി ആവശ്യപ്പെട്ടത് 4 ലക്ഷം രൂപയാണ്. ഇതേത്തുടര്‍ന്നാണ് ഈശ്വര്‍ ചന്ദ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

error: Content is protected !!