പരമ്പരാഗത വോട്ടുകൾ ചോർന്നതായി ബിജെപി

ശബരിമലയടക്കമുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാക്കിയിട്ടും പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നതായി ബി.ജെ.പി വിലയിരുത്തല്‍. വിജയ പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും ന്യൂനപക്ഷ ഏകീകരണം തിരിച്ചടിയാകുമെന്നും ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നു. സംഘടിതമായി എതിര്‍ത്തത് മോദി വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഗുണകരമാവില്ലെന്ന മുന്നറിയിപ്പുമായി സംസ്ഥാന നേതൃത്വം രംഗത്ത് എത്തിക്കഴിഞ്ഞു.

ത്രികോണമത്സരം സാധ്യമാകാത്തിടത്ത് പോലും വോട്ട് ശതമാനം ഉയര്‍ത്താനുള്ള സുവര്‍ണാവസരമുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ബി.ജെ.പി വിലയിരുത്തല്‍. എന്നാല്‍ പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ പരമ്പരാഗത വോട്ടുകളില്‍ പോലും ചോര്‍ച്ച ഉണ്ടായെന്നാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. വോട്ട് ചോര്‍ച്ച പരസ്യമായി നിഷേധിക്കുമ്പോഴും മനസാക്ഷിയുള്ള പ്രവര്‍ത്തകര്‍ക്ക് മാറി വോട്ട് ചെയ്യാനാവില്ലെന്ന് മാത്രമാണ് ബി.ജെ.പിയുടെ പ്രതികരണം.

എന്‍.എസ്.എസ് നിലപാട് സംസ്ഥാന അടിസ്ഥാനത്തില്‍ അനുകൂലമാകാതിരുന്നതും തിരിച്ചടിയായി. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നതായി ബി.ജെ.പി കരുതുന്നത്. വിശ്വാസി വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാകാതിരിക്കാനുള്ള നീക്കങ്ങള്‍ പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ആര്‍.എസ്.എസ് നടത്തിയിരുന്നു. വടകര പോലുള്ള മണ്ഡലങ്ങളില്‍ സി.പി.എം വിരോധം കോണ്‍ഗ്രസിന് അനുകൂലമാകുമെന്നും ബി.ജെ.പി കണക്കാക്കിയിരുന്നു. അതുകൊണ്ട് തന്നെ ചോര്‍ന്ന വോട്ടുകള്‍ ഏത് പെട്ടിയിലേക്ക് പോയിയെന്ന കാര്യത്തിലും ബി.ജെ.പി നേതൃത്വത്തിന് വ്യക്തതയില്ല.

error: Content is protected !!