ബിജെപി-കോണ്‍ഗ്രസ്സ് പേജുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്; ബിജെപിയുടെ പേജുകളാണ് നീക്കം ചെയ്തതില്‍ കൂടുതലും.

 

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായി ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയും രാഷ്ട്രീയ പ്രചാരണ പേജുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു. വ്യാജ അക്കൗണ്ടുകളേയും സ്പാമുകളേയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്ക് നടപടി. ബിജെപിയുടെ പേജുകളാണ് നീക്കം ചെയ്തതില്‍ കൂടുതലും. 2.6 മില്യണ്‍ അനുയായികളുള്ള ബിജെപി പേജുകളാണ് നീക്കം ചെയ്തത്. പേജുകള്‍ പ്രമോട്ട് ചെയ്യുന്നതിനായി 70,000 ഡോളറാണ് (ഏകദേശം 49 ലക്ഷം രൂപ) ഇതുവരെ ബിജെപി കേന്ദ്രങ്ങള്‍ ചിലവഴിച്ചത്. നീക്കം ചെയ്യപ്പെട്ട കോണ്‍ഗ്രസ് അനുകൂല പേജുകളില്‍ അവര്‍ക്ക് ആകെ 0.2 മില്യണ്‍ അനുയായികളാണ് ഉണ്ടായിരുന്നത്. ഇത്രയും പേജുകള്‍ പ്രമോട്ട് ചെയ്യുന്നതിനായി കോണ്‍ഗ്രസ് ഇതുവരെ 39,000 ഡോളര്‍(ഏകദേശം 27.3 ലക്ഷം രൂപ) ചെലവിട്ടു. കോണ്‍ഗ്രസിന്റെ പേജുകള്‍ കോണ്‍ഗ്രസ് ഐ.ടി സെല്ലുമായി ബന്ധമുള്ളതാണെന്നും, ബിജെപിയുടെ ഫേസ്ബുക്ക് അനുകൂല പേജുകള്‍ ‘സില്‍വര്‍ ടച്ച്’ എന്നു വിളിക്കുന്ന ഐടി ഫേമിലൂടെ നിയന്ത്രിക്കപ്പെട്ടിരുന്നതാണെന്നും ഫേസ്ബുക്ക് പറഞ്ഞു. ‘നമോ’ അപ്ലിക്കേഷന്‍ നിര്‍മ്മിച്ച കമ്പനിയാണ് ‘സില്‍വര്‍ ടച്ച്’. അസംബന്ധവും സന്ദേശങ്ങളുടെ ‘വിശ്വസനീയ്യമല്ലാത്ത സ്വഭാവത്തിന്റെ’യും അടിസ്ഥാനത്തിലാണ് ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്തതെന്നാണ് ഫേസ്ബുക്ക് നല്‍കുന്ന വിശദീകരണം. പൊതുതിരിഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കര്‍ശനമായ നിയന്ത്രണമാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ രാജ്യത്ത് നടപ്പാക്കുന്നത്. ഇന്ത്യയില്‍ മൂന്നു കോടി ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്.ലോകത്തിലെ ഏറ്റവും അധികം ഫേസ്ബുക്ക് ഉപയോക്താക്കളുള്ള രാജ്യവും ഇന്ത്യയാണ്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.

error: Content is protected !!