തിരഞ്ഞെടുപ്പ് ചട്ടലംഘനം ; കണ്ണൂരിൽ നിന്നും മാത്രം അയ്യായിരത്തിലധികം പരാതികൾ

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സിവിജില്‍ (cVIGIL) മൊബൈല്‍ ആപ്പില്‍ പരാതി പ്രളയം.  ജില്ലയില്‍ നിന്നും അയ്യായിരത്തോളം പരാതികളാണ്  ആപ്പ് വഴി ലഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പതിച്ച പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, സ്തൂപങ്ങള്‍, ചുമരെഴുത്തുകള്‍, പണം കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സിവിജിലില്‍ കൂടുതലായും ലഭിക്കുന്നത്. ഇതുവരെ ലഭിച്ച പരാതികളില്‍ 4656 എണ്ണത്തില്‍ നടപടികള്‍ കൈകൊള്ളുകയും 192 പരാതികള്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒഴിവാക്കുകയും ചെയ്തു. 4034 പരാതികളില്‍ 100 മിനിറ്റിനുള്ളില്‍ തന്നെ നടപടി സ്വീകരിക്കാനായി.

മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്- – 878 എണ്ണം. 76 പരാതികള്‍ ലഭിച്ച തലശ്ശേരി മണ്ഡലത്തിലാണ് ഏറ്റവും കുറവ്. പയ്യന്നൂര്‍- 247, കല്യാശ്ശേരി- 571, തളിപ്പറമ്പ്- 271, ഇരിക്കൂര്‍- 471, അഴീക്കോട്- 516, കണ്ണൂര്‍- 625, ധര്‍മടം- 372,  കൂത്തുപറമ്പ്- 334, പേരാവൂര്‍- 530 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ച പരാതികള്‍.

മാതൃകാ പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് ചെലവുകള്‍ തുടങ്ങിയവയുടെ ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അപ്പപ്പോള്‍ അധികൃതരെ അറിയിക്കാനുള്ള സൗകര്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിവിജില്‍ ആപ്ലിക്കേഷനിലൂടെ ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ ആപ്പ് വഴി പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ അധികൃതരെ അറിയിക്കാം. ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടുമിനുട്ടില്‍ കൂടാത്ത വീഡിയോ എന്നിവ സഹിതം ഒരു ചെറു കുറിപ്പോടെയാണ് പരാതികള്‍ നല്‍കേണ്ടത്. പരാതിക്കാരന്റെ വിവരങ്ങള്‍ വെളിപ്പെടുത്താതെ പരാതി നല്‍കാനുള്ള സംവിധാനവും സിവിജില്‍ ആപ്പിലുണ്ട്.

error: Content is protected !!