ശ്രീലങ്കയിൽ ഐഎസ് ഒളിത്താവളങ്ങള്‍ക്കുനേരെയുള്ള ആക്രമണം: ആറു കുട്ടികള്‍ ഉള്‍പ്പെടെ 15പേര്‍ കൊല്ലപ്പെട്ടു

ശ്രീലങ്കയിൽ സ്‌ഫോടനം നടന്നതിനുപിന്നാലെ ശ്രീലങ്കന്‍ പോലീസ് നടത്തിയ ആക്രമണത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. ഐഎസ് ഒളിത്താവളങ്ങളില്‍ നടത്തിയ ആക്രമണത്തിലാണ് 15 പേര്‍ കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ ചാവേറായി പൊട്ടിത്തെറിക്കുകയും ബാക്കിയുള്ളവരെ പൊലീസ് വെടിവെച്ചു കൊല്ലുകയുമായിരുന്നു.

ചാവേറുകള്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് മൂന്ന് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടത്. കിഴക്കന്‍ നഗരമായ കല്‍മുനൈയില്‍ വെള്ളിയാഴ്ച രാത്രി വീടിനുള്ളില്‍ മറഞ്ഞിരിക്കുന്നവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായവര്‍ കല്‍മുനൈ പരിസരത്തുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.

മൂന്ന് പേരുടെ ജഡം വീടിന് പുറത്താണ് കണ്ടെത്തിയത്. ഇവരും ചാവേര്‍ ആയി കൊല്ലപ്പെട്ടാതാണെന്ന് സംശയമുണ്ട്. അതേ സമയം ഒരുമണിക്കൂറിലേറെ പോലീസുമായി വെടിവെപ്പുണ്ടായതായും സൈനിക അധികൃതര്‍ അറിയിച്ചു.ശനിയാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളെ കീഴടക്കാനുള്ള ശ്രമത്തിനിടെ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് സുമിത് അടപട്ടു പറഞ്ഞു.

ഈസ്റ്റര്‍ ദിനത്തില്‍ ചാവേറായ എട്ട് പേര്‍ ധരിച്ചിരുന്ന ഐഎസ്‌ഐഎസ് പതാകകള്‍ക്കും യൂണിഫോമിനും സമാനമായവ കണ്ടെടുത്തു. സ്‌ഫോടക വസ്തുക്കളും കണ്ടെത്തി.

error: Content is protected !!