കാസര്‍ഗോഡ് കല്യോട്ട് സി പി എമ്മില്‍ നിന്നും വന്‍ കൊഴിഞ്ഞു പോക്ക്; 65 പേര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.

പെരിയ: കാസര്‍ഗോഡ് സിപിഎമ്മില്‍ നിന്ന് വന്‍ കൊഴിഞ്ഞ് പോക്ക്. കല്യോട്ട് സിപിഎം പ്രവര്‍ത്തകരും അനുഭാവികളും കൂട്ടമായി പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 65 പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കളും സുഹൃത്തുക്കളുമായ സിപിഎമ്മുകാരാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. അക്രമ രാഷ്ട്രീയത്തിന് എതിരെയുളള പ്രതിഷേധം എന്ന നിലയ്ക്കാണ് സിപിഎം ബന്ധം ഉപേക്ഷിക്കുന്നത് എന്ന് ഇവര്‍ പറയുന്നു. 27 കുടുംബങ്ങളില്‍ നിന്നുളളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്ന 65 പേര്‍.

കല്യോട്ടെ പ്രഭാകരന്‍, കൃഷ്ണന്‍, കുഞ്ഞമ്പു, ശെല്‍വരാജ്, രാജീവന്‍, അരങ്ങനടുക്കം ശ്രീജിത്ത്. തന്നിത്തോട്ടെ രഘു, നാണു എന്നിവര്‍ അടക്കമുളളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇവര്‍ക്കായി കോണ്‍ഗ്രസ് കല്യോട്ട് സ്വീകരണ യോഗം സംഘടിപ്പിച്ചു. കാസര്‍ഗോഡ് ഡിസിസി പ്രസിഡണ്ടായ ഹക്കിം കുന്നില്‍ ഇവരെ മാലയിട്ട് സ്വീകരിച്ചു. ഇവരുടെ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. അതേസമയം കോണ്‍ഗ്രസ് അനുഭാവികളായ പഴയകാല പ്രവര്‍ത്തകരെയും ചില നിഷ്പക്ഷരേയും മാലയിട്ട് സ്വീകരിച്ച് കോണ്‍ഗ്രസ് കള്ളപ്രചാരണം നടത്തുകയാണ് എന്നാണ് സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ പ്രതികരിച്ചത്.

error: Content is protected !!