പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ ഗൃഹപ്രവേശം കഴിഞ്ഞു. ”കിച്ചൂസ്” ഒരുക്കിയത് ഹൈബി ഈഡന്‍ എം എല്‍ എ.

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങി. കോണ്‍ഗ്രസ്സ് നേതാക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍ വന്‍ ജനപങ്കാളിത്തത്തോടെയായിരുന്നു പുതിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ് നടന്നത്. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും, പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായി. ഹൈബി ഈഡന്‍ എം എല്‍ എ,യാണ് വീടൊരുക്കിയത്. ഹൈബി ഈഡന്‍ എം എല്‍ എയുടെ തണല്‍ പദ്ധതി പ്രകാരമുള്ള 30-ാമത്തെ വീടാണിത്.

മൂന്ന് കിടപ്പുമുറികളും, സ്വീകരണമുറിയും, അടുക്കളയുമുള്‍പ്പെടെയുള്ള വീടിന്റെ നിര്‍മാണം നാല്‍പ്പത്തിനാലു ദിവസം കൊണ്ടാണു പൂര്‍ത്തിയാക്കിയത്. ഗൃഹപ്രവേശന ചടങ്ങില്‍ പങ്കുകൊള്ളാന്‍ ഹൈബി ഈഡന്‍ എം എല്‍ എ കുടുംബസമേതം എത്തി. കരഞ്ഞുതളര്‍ന്ന കുടുംബാംഗങ്ങളെ ഹൈബി ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. വീടിന്റെ സ്വീകരണ മുറിയില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രങ്ങളും, പൂമുഖത്തായി ഇരുവരുടേയും കട്ടൗട്ടുകളും സുഹൃത്തുക്കള്‍ സ്ഥാപിച്ചിരുന്നു. കൃപേഷിന്റെയും ശരത് ലാലിന്റെയും ഛായചിത്രവും ഹൈബി കുടുംബാംഗങ്ങള്‍ക്ക് നല്‍കി.

കൃപേഷിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കിച്ചൂസ് എന്നാണ് പുതിയ വീടിനു പേരിട്ടിരിക്കുന്നത്. ഇതോടെ കൃപേഷിന്റെ വലിയൊരു സ്വപ്‌നം സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. പക്ഷേ അത് കാണാന്‍ കൃപേഷ് ഇല്ലായെന്ന് മാത്രം.

error: Content is protected !!