അമേഠിയിൽ രാഹുലിനെ നേരിടാന്‍ സരിതാ എസ് നായര്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ സരിതാ എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കേരളത്തിലെ സ്ത്രീകളോട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്ന സമീപനത്തെയും അവര്‍ക്ക് കുട പിടിക്കുന്ന കേന്ദ്ര നേതൃത്വത്തെയും ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാട്ടുകയാണ് തന്‍റെ ലക്ഷ്യമെന്നും സരിതാ എസ് നായര്‍ സമയം മലയാളത്തോട് പറഞ്ഞിരുന്നു. അമേഠിയിലെ സരിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നിലും ഇതു തന്നെയായിരിക്കാമെന്നാണ് സൂചന.

എറണാകുളത്തും, വയനാട്ടിലും മത്സരിക്കാൻ സരിതാ എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാൽ സോളാർ വിവാദവുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ സരിതയുടെ ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാൽ പത്രികകൾ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കവുമായി സരിത എസ് നായർ രംഗത്തുവന്നിരിക്കുന്നത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് ജയിച്ച് പാര്‍ലമെന്‍റിലേക്ക് പോകാനല്ലെന്ന് സരിത വ്യക്തമാക്കിയിരുന്നു. ഇത്രയും വലിയൊരു പാര്‍ട്ടി സംവിധാനത്തോട് മത്സരിച്ച് ജയിക്കാന്‍ തനിക്ക് കഴിഞ്ഞേക്കില്ലെന്നും സരിത പറഞ്ഞിരുന്നു.

error: Content is protected !!