വഴിയോരത്ത് ജനങ്ങൾ തടിച്ചുകൂടി ; കെ എം മാണിയുടെ വിലാപയാത്ര വൈകുന്നു

കെ.എം.മാണിയെ അവസാനമായി ഒരുനോക്ക് കാണാൻ പതിനായിരങ്ങൾ വഴിയോരത്ത് തടിച്ചുകൂടിയതോടെ വിലാപയാത്ര വൈകുന്നു. രാവിലെ ലേക് ഷോർ ആശുപത്രിയിൽ നിന്നും 45 മിനിറ്റ് വൈകി തുടങ്ങിയ വിലാപയാത്ര വൈകുന്നേരം നാലായിട്ടും കോട്ടയത്ത് എത്തിയിട്ടില്ല. വിലാപയാത്ര വരുന്ന വഴിയിലെല്ലാം മാണിസാറിനെ ഒരുനോക്ക് കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. ഇതോടെ വിലാപയാത്രയുടെ സമയക്രമമെല്ലാം തെറ്റുകയായിരുന്നു.

രാവിലെ 9.30-നാണ് ലേക് ഷോറിൽ നിന്നും വിലാപയാത്ര തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ജനത്തിരക്ക് മൂലം 10.15-നാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിന് നീങ്ങാൻ സാധിച്ചത്. പിന്നീട് വാഹനം വരുന്ന വഴിയോരത്തെല്ലാം പതിനായിരക്കണക്കിന് പേർ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ കാത്തുനിൽപ്പുണ്ടായിരുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ടിന് കോട്ടയത്തെ കേരള കോണ്‍ഗ്രസ്-എം ആസ്ഥാനത്ത് മൃതദേഹം എത്തിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പിന്നീട് 12.30ന് തിരുനക്കര മൈതാനത്ത് പൊതുദർശനം തുടങ്ങി വൈകിട്ട് നാലോടെ മൃതദേഹം പാലായിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി.

എന്നാൽ നിലവിലെ സാഹചര്യത്തിൽ അർധരാത്രിയോടെ മാത്രമേ മൃതദേഹം പാലായിൽ എത്തിക്കാൻ കഴിയൂ. കോട്ടയത്ത് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങൾ കാത്തുനിൽക്കുന്നതിൽ ഇവിടെ മണിക്കൂറുകൾ വേണ്ടിവന്നേക്കുമെന്നാണ് കരുതുന്നത്.

തൃപ്പൂണിത്തുറ, വൈക്കം, ചെന്പ്, തലയോലപ്പറന്പ്, കടുത്തുരുത്തി എന്നിവടങ്ങളിലെല്ലാം വലിയ ജനക്കൂട്ടം മാണിസാറിനെ അവസാനമായി കാണാൻ കാത്തുനിൽപ്പുണ്ടായിരുന്നു. കടുത്തുരുത്തി, ഏറ്റുമാനൂർ എന്നിവിടങ്ങളിലും ഇനി അന്തിമോപചാരത്തിന് ആളുകൾ കാത്തുനിൽപ്പുണ്ട്. നിലവിലെ സാഹചര്യത്തിൽ വൈകിട്ട് ഏഴോടെ മാത്രമേ മൃതദേഹം കോട്ടയത്ത് എത്തൂ എന്നാണ് കരുതപ്പെടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം തിരുനക്കര മൈതാനത്ത് അന്തിമോപചാരം അർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വിലാപയാത്ര വളരെ വൈകിയതിനാൽ മുഖ്യമന്ത്രി കടുത്തുരുത്തിയിൽ എത്തി ആദരാഞ്ജലി അർപ്പിക്കുമെന്നാണ് നിലവിലെ വിവരം. അങ്ങനെ വന്നാൽ സുരക്ഷ കാരണങ്ങളാൽ വീണ്ടും വിലാപയാത്ര വൈകാനിടയുണ്ട്.

പു​ഷ്പാ​ലം​കൃ​ത​മാ​യ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ലോ​ ഫ്ലോർ ബ​സി​ലാ​ണ് മൃതദേഹം കോ​ട്ട​യ​ത്തേ​ക്കു കൊണ്ടുവരുന്നത്. ഭാ​ര്യ കു​ട്ടി​യ​മ്മ, മ​ക​ൻ ജോ​സ് കെ. ​മാ​ണി, മ​ക്ക​ൾ, മ​രു​മ​ക്ക​ൾ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.ജോ​സ​ഫ്, എം​എ​ൽ​എ​മാ​രാ​യ സി.​എ​ഫ്.തോ​മ​സ്, മോ​ൻ​സ് ജോ​സ​ഫ്, റോ​ഷി അ​ഗ​സ്റ്റി​ൻ, പ്ര​ഫ. എൻ.ജ​യ​രാ​ജ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ, തോ​മ​സ് ഉ​ണ്ണിയാ​ട​ൻ തു​ട​ങ്ങി​യ​വ​ർ മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ മുന്നണികളിലെ നിരവധി നേതാക്കൾ അദ്ദേഹത്തിന് ആശുപത്രിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.

error: Content is protected !!