കല്ലട ബസിന്റെ വൈക്കത്തെ ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അടപ്പിച്ചു, കൊച്ചി ഓഫീസില്‍ പോലീസ് പരിശോധന

കല്ലട ബസിനുനേരെ വ്യാപക പ്രതിഷേധം തുടരുന്നു. യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ ബുക്കിംഗ് ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. വൈക്കം ടൗണിലെ ബുക്കിംഗ് ഓഫീസാണ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി പൂട്ടിച്ചത്.

ബുക്കിംഗ് ഓഫീസിലുള്ളവരെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. ഇവിടെ നിന്ന് സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.പ്രതിഷേധം ശക്തമായതോടെ കല്ലടയുടെ ജില്ലയിലെ മറ്റ് ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

സംഭവം സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ കല്ലട ബസുകള്‍ക്കുനേരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുന്നുണ്ട്. മായാ മാധവന്‍ എന്ന സര്‍വകലാശാല അധ്യാപിക കല്ലട ബസില്‍ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ് രംഗത്തെത്തി. രാത്രി മുഴുവന്‍ മകളോടൊപ്പം നടുറോഡില്‍ നിര്‍ത്തി, ബുക്കിംഗ് ഓഫീസില്‍ നിന്ന് ഇറക്കിവിട്ടു, മോശമായി പെരുമാറി എന്നിങ്ങനെയായിരുന്നു പരാതി.

അതേസമയം, കല്ലടയുടെ കൊച്ചി ഓഫീസ് പോലീസ് പരിശോധിക്കുകയാണ്. വൈറ്റിലയിലെ ഓഫീസാണ് പരിശോധിക്കുന്നത്. തിരുവനന്തപുരത്തെ മാനേജറെ ചോദ്യം ചെയ്യുന്നുമുണ്ട്. പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.

error: Content is protected !!