കണ്ണൂരിന്റെ അഭിമാനം തയ്ക്വാണ്‍ഡോയുടെ പെൺ കരുത്ത് റുമൈസയെ പരിചയപ്പെടാം

കണ്ണൂര്‍: സ്ത്രീകള്‍ അധികം കടന്നു ചെന്നിട്ടില്ലാത്ത എന്നാല്‍ സ്ത്രീകള്‍ക്ക്‌ ഏറെ സഹായകരമാവുന്ന കായിക അഭ്യാസമായ തയ്ക്വാണ്‍ഡോയില്‍ കുരുത്തായി മാറിയിരിക്കുകയാണ്‌ ശ്രീകണ്ഠപുരത്തെ റുമൈസ. തിരുവനന്തപുരത്തെ ജി.വി രാജ സ്പോര്‍ട്‌സ്‌ സ്കൂളില്‍ നിന്നും അടവുകള്‍ പയറ്റി ശ്രീകണ്ഠപുരം എസ്‌.ഇ.എസ്‌ കോളേജിലെ മൂന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിനിയായ റുമൈസ കഴിഞ്ഞ രണ്ടു വര്‍ഷവും കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ കോളജിയേറ്റ്‌ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ജേതാവാണ്‌.

ആദ്യ വര്‍ഷം തന്നെ അന്തര്‍ സര്‍വ്വകലാശാല മത്സരത്തില്‍ വെങ്കല മെഡല്‍ നേട്ടം. ഹരിയാനയിലെ റോത്തകില്‍ നടന്ന ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി തയ്ക്വാണ്‍ഡോ ചാംപ്യന്‍ഷിപ്പിലെ നേട്ടം 62 കിലോയിലായിരുന്നു. ചെറുതും വലുതുമായ നിരവധി മത്സരത്തിലൂടെ ഇതിനോടകം ധാരാളം മെഡലുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു റുമൈസ. മുന്നോട്ട് പായാനുള്ള ശക്തിയും പ്രചോദനവും നല്‍കി പിതാവ്‌ മുഹമ്മദ് കുഞ്ഞിയും മാതാവ്‌ ഹാജിറയും സഹോദരങ്ങളായ റഹീമയും റമീസും ഒപ്പമുണ്ട്‌ റുമൈസയ്ക്ക്‌. നാട്ടുകാരുടെ ഭാഗത്തു നിന്നും ലഭിക്കുന്ന പ്രോത്സാഹനം ഓരോ മത്സരങ്ങളെയും കരുത്തോടെ നേരിടാന്‍ തന്നെ ഏറെ സഹായിക്കുന്നുണ്ടെന്നും റുമൈസ പറയുന്നു, സ്പോര്‍ട്‌സിനോടുള്ള താല്‍പര്യമാണ്‌ തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ്‌ സ്‌കൂളില്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ കണ്ണുമടച്ച്‌ ചേരാന്‍ കാരണം. സ്കൂളില്‍ നിന്നും അഞ്ചുപേര്‍ അപേക്ഷിച്ചു. അടുത്ത കുട്ടുകാരികളായ ആയിഷക്കും റുമൈസയ്ക്കും പ്രവേശനം ലഭിച്ചു. അവിടെ എത്തിയപ്പോഴാണ്‌ ഇഷ്ടമുള്ള ഇനം തിരഞ്ഞെടുക്കാന്‍ പറയുന്നത്‌.

പേരിനോട് തോന്നിയ കൗതുകമാണ്‌ തയ്ക്വാണ്‍ഡോ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന്‌ റുമൈസ പറയുന്നു. പഠിച്ച കാര്യങ്ങള്‍ മറ്റു കുട്ടികള്‍ക്ക്‌ പകര്‍ന്നു കൊടുക്കുന്ന തിരക്കിലാണ്‌ റുമൈസ. സര്‍ക്കാരിന്റെ കരുത്ത്‌ എന്ന പദ്ധതി പ്രകാരമാണ്‌ പെണ്‍ കൂട്ടികള്‍ക്കായുള്ള തയ്ക്വാണ്‍ഡോ പരിശീലനം. പ്ലസ്‌ വണ്‍ കുട്ടികള്‍ക്കായി ആവിഷ്കരിച്ച പദ്ധതിയാണ്‌ കരുത്ത്‌. ഇതുവഴി തിരഞ്ഞെടുക്കുന്ന കൂട്ടികള്‍ക്ക്‌ 49 മണിക്കൂര്‍ പരിശീലനം നല്‍കും. 2017 മുതല്‍ ഇങ്ങോട്ട്‌ തന്റെ അറിവ്‌ മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ്‌ റുമൈസ.

error: Content is protected !!