എൽഡിഎഫ് ജാഥയിൽ കണ്ടത് വടിവാളല്ല ; കർഷകന്റെ ആയുധമെന്ന് പോലീസ്

ഇടതുമുന്നണിയുടെ പ്രചാരണ ജാഥയ്ക്കിടെ വടിവാൾ കണ്ടെക്കിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്. കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന മടവാളാണ് ജാഥയ്ക്കിടെ വീണതെന്നാണ് പൊലീസ് റിപ്പോർട്ട്. ജാഥയിൽ പങ്കെടുക്കാനെത്തിയ കർഷകന്റേതാണ് ആയുധം. അന്വേഷണ റിപ്പോർട്ട് എസ് പി ഡിജിപിക്ക് കൈമാറി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും റിപ്പോർട്ട് കൈമാറും .

ഏപ്രിൽ അഞ്ചിന് വൈകിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷ് ഒറ്റപ്പാലം പുലാപ്പറ്റയില്‍ പര്യടനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്ന ബൈക്കില്‍നിന്ന് വടിവാള്‍ നിലത്തുവീണത്. ബൈക്കുകള്‍ കൂട്ടത്തോടെ വരുന്നതിനിടെ ഒരു ബൈക്ക് റോഡില്‍ വീഴുകയും അതില്‍നിന്ന് വടിവാള്‍ റോഡിലേക്ക് തെറിക്കുകയുമായിരുന്നു. സംഭവം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ മറ്റു ബൈക്കുകള്‍ മറിഞ്ഞ ബൈക്കിനെ വളഞ്ഞുനിന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വടിവാളെടുത്ത് പോവുകയും ചെയ്തു.

സംഭവം വിവാദമായതോടെ കോണ്‍ഗ്രസും ബി.ജെ.പി.യും സി.പി.എമ്മിനെതിരെ രംഗത്തെത്തിയിരുന്നു. സി.പി.എം അക്രമം നടത്തുന്നതിന്റെ തെളിവാണിതെന്നായിരുന്നു കോണ്‍ഗ്രസ്, ബി.ജെ.പി. നേതാക്കളുടെ ആരോപണം. സംഭവം നടന്ന പുലാപ്പറ്റ ഉമ്മനഴി, കോണിക്കഴി ഭാഗങ്ങളില്‍ ഇടയ്ക്കിടെ സി.പി.എം.-കോണ്‍ഗ്രസ്, സി.പി.എം.-ബി.ജെ.പി. സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രദേശമാണ്.

error: Content is protected !!