വെസ്റ്റ് നൈൽ പനി ; പഠിക്കാൻ വിദഗ്ദ്ധ സംഘം ഇന്ന് മലപ്പുറത്ത്

വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സംഘങ്ങള്‍ ഇന്ന് മലപ്പുറത്തെത്തും. സംസ്ഥാന എന്‍ഡമോളജി യൂണിറ്റിലേയും കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിലേയും ഉദ്യോഗസ്ഥരാണ് മലപ്പുറത്ത് എത്തുന്നത്. വെസ്റ്റ് നൈല്‍ ബാധിച്ച് മരിച്ച് ആറ് വയസുകാരന്‍ മുഹമ്മദ് ഷാന്റെ വേങ്ങര എ ആര്‍ നഗറിലെ വീടിന് സമീപ പ്രദേശങ്ങളിലാണ് ആദ്യ പരിശോധന. വൈറസ് ബാധ ഉണ്ടാകാനിടയായ സാഹചര്യം കണ്ടെത്തുക, കൊതുകുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുക, ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നിര്‍ദ്ദേശിക്കുക എന്നിവയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ഉച്ചക്ക് ശേഷം മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീനയുമായി വിദഗ്ദ്ധ സംഘം കൂടിക്കാഴ്ച നടത്തും.

വെസ്റ്റ് നൈല്‍ പനിക്കെതിരെ വടക്കന്‍ കേരളത്തില്‍ കനത്ത ജാഗ്രത തുടരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. പക്ഷികളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിള്‍ പരിശോധനക്കായി എടുത്തിട്ടുണ്ട്. രോഗം പടര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വെസ്റ്റ് നൈല്‍ വൈറസ് പടരാതെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ഇല്ലെന്നതാണ് വെല്ലുവിളി. പകരം കൊതുക് നശീകരണം ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.

രോഗ ലക്ഷണവുമായി ആരെങ്കിലും എത്തിയാല്‍ പ്രത്യേകം നിരീക്ഷിക്കാനും ചികിത്സ നല്‍കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ച കുട്ടിയുടെ മരണം. ഇതിന് മുമ്പും വെസ്റ്റ് നൈല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നും ആരോഗ്യവകുപ്പ് സജീവമായ ഇടപെടല്‍ നടത്തുന്നുണ്ടെന്നും കെ കെ ഷൈലജ പറഞ്ഞു.

മലപ്പുറം വേങ്ങരയ്ക്ക് സമീപമുള്ള എ ആര്‍ നഗറിലെ ആറ് വയസ്സുകാരന്‍ മുഹമ്മദ് ഷാനാണ് മരിച്ചത്. ഒരാഴ്ചയായി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് ഷാന് പനി ബാധിക്കുന്നത്. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. ഇവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. ക്യൂലക്‌സ് വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് വൈറസ് വാഹകര്‍. അതിനാല്‍ കൊതുക് നിവാരണമാണ് വെസ്റ്റ് നൈല്‍ പനിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധ മാര്‍ഗമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പറഞ്ഞു. രോഗത്തിനെതിരെ വാക്‌സിനേഷന്‍ ലഭ്യമല്ല എന്നതുകൊണ്ട് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും രോഗം ഗുരുതരമാകാനുള്ള സാധ്യത വിരളമായതിനാല്‍ ജാഗ്രതയും കൊതുക് നിവാരണവുമാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ പറഞ്ഞു.

വെസ്റ്റ് നൈല്‍ രോഗലക്ഷണങ്ങളോടെ ചികിത്സയ്‌ക്കെത്തുന്ന എല്ലാ രോഗികള്‍ക്കും വിദഗ്ദ ചികിത്സ നല്‍കാന്‍ എല്ലാ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 150 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചാല്‍ പോലും ഒരാള്‍ക്കാണ് രോഗം ഗുരുതരമാകാനുള്ള സാധ്യതയുള്ളത്. അതിനാല്‍ ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. തുടര്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്ലോക്ക് മെഡിക്കല്‍ അസോസിയേഷന്റെ യോഗം വിളിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

error: Content is protected !!