വയനാട് പിടിച്ചെടുക്കുമെന്ന പ്രതീക്ഷയോടെ സുനീർ

വയനാട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് കോട്ടയാണെന്ന ധാരണ തിരുത്തിക്കുറിക്കാനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതു സ്ഥാനാര്‍ത്ഥി പി. പി സുനീര്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും മുന്‍പെ മണ്ഡലത്തിലെ ആദ്യഘട്ട പ്രചരണം കഴിഞ്ഞ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഇടതുപക്ഷം.

വയനാട് ജില്ലക്കു പുറമെ മലപ്പുറത്ത് നിന്നുള്ള മൂന്ന് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലവും ചേര്‍ന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഇടതു മുന്നണിക്ക് സ്വീകാര്യത കൂടിയതായി സുനീര്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു. ഡി.എഫ് പ്രതിനിധികളായിരുന്നെങ്കില്‍ ഇന്നത് ഏഴില്‍ നാലിടത്ത് എല്‍.ഡി. എഫ് എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. ഇത് മണ്ഡലം യു.ഡി. എഫ് കോട്ടയാണെന്ന ധാരണ തിരുത്തുന്നതാണെന്നും ഇടത് സ്ഥാനാര്‍ത്ഥി പറയുന്നു.

വയനാട്ടില്‍ എല്‍.ഡി.എഫിന്റെ ആദ്യഘട്ട പ്രചരണം അവസാനിക്കുമ്പോഴും യു .ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചിരുന്നില്ല. ആരെ നിര്‍ത്തിയാലും വയനാട്ടുകാര്‍ വിജയിപ്പിച്ചു തരുമെന്ന യു.ഡി.എഫ് വിശ്വാസം തിരുത്തിക്കുറിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും സുനീര്‍ പറഞ്ഞു. വയനാട്ടില്‍ ആദ്യഘട്ട പ്രചരണം അവസാനിപ്പിച്ച് മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഇടതുമുന്നണി. സി.പി. എം , സി.പി.ഐ നേതാക്കള്‍ക്കൊപ്പം ഘടകകക്ഷി നേതാക്കളെ കൂടി സജീവമായി രംഗത്തിറക്കിയാണ് ഇടതുപക്ഷത്തിന്റെ പ്രചരണ പരിപാടികള്‍. ഈ മാസം 23 മുതല്‍ പൊതു പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

error: Content is protected !!