തിരുവനന്തപുരത്ത് ഓപ്പറേഷൻ ബോൾട്ട് ; അറസ്റ്റിലായത് 340 പേർ

തിരുവനന്തപുരത്ത് പൊലീസിന്റെ ഓപ്പറേഷൻ ബോൾട്ട് ശക്തമാകുന്നു. മൂന്ന് ദിവസത്തിനിടെ 340 പേർ അറസ്റ്റിലായി. ശ്രീവരാഹം കൊലപാതകത്തിലെ മുഖ്യ പ്രതി അർജുനും പിടിയിലായി. കഴക്കൂട്ടത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെയും പൊലീസ് പിടികൂടി. നടപടി തുടരുമെന്ന് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദീൻ പറഞ്ഞു.

ഗുണ്ടാ ലഹരി മാഫിയാ കേസുകളിലാണ് വ്യാപക അറസ്റ്റ് നടക്കുന്നത്. മൂന്ന് ദിവസത്തിനിടെ 340 പേർ തിരുവനന്തപുരം സിറ്റിയിൽ നിന്ന് മാത്രം പിടിയിലായി. 97 പേർ കരുതൽ തടങ്കലിലാണ്. നഗരം ശാന്തമാക്കുമെന്ന് കമ്മീഷണർ പറഞ്ഞു.

ശ്രീവരാഹത്തെ ശ്യാമിനെ കൊലപ്പെടുത്തി മൂന്ന് ദിവസത്തിനിപ്പുറമാണ് മെന്റൽ അർജുനെന്ന അർജുൻ പൊലീസിന്റെ വലയിലായത്. തമ്പാനൂരിൽ നിന്ന് ഇതര സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കവെ ഷാഡോ പൊലീസാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് എ.സി.പിയാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. മയക്കുമരുന്ന് വിതരണ സംഘത്തിലെ അംഗമായ അർജുൻ ദീർഘനാളായി മുംബൈയിലായിരുന്നു.

കഴക്കൂട്ടത്ത് ഇന്നലെ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണിയേയും പൊലീസ് പിടികൂടി. നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് ഉണ്ണി.

error: Content is protected !!