ഉണ്ണിത്താന് ‘ഇടച്ചിലില്ലാത്ത’ സ്വീകരണം

കാസർകോട് പാർലമെന്‍റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹന്‍ ഉണ്ണിത്താന് ആവേശോജ്വല സ്വീകരണം. കാസർകോട് റെയില്‍വേ സ്റ്റേഷനിലാണ് സ്ഥാനാര്‍ഥിയെ യു.ഡിഎഫ് പ്രവർത്തകർ സ്വീകരിച്ചത്. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് ഉണ്ണിത്താന്‍ സന്ദര്‍ശിക്കും.

12 മണിയോടെയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസർകോട് റെയില്‍വേ സ്റ്റേഷനിലെത്തിയത്. സ്ഥാനാർഥിയെ സ്വീകരിക്കാന്‍ ഡി.സി.സി അധ്യക്ഷന്‍ ഹക്കീം കുന്നിലിന്‍റെ നേതൃത്വത്തില്‍ നേരത്തെ തന്നെ നിരവധി പ്രവർത്തകർ സ്റ്റേഷനിലെത്തിയിരുന്നു. ഡി.സി.സി അധ്യക്ഷന്‍ ഹക്കീം കുന്നില്‍ ഷാളണിയിച്ചാണ് രാജ്മോഹന്‍ ഉണ്ണിത്താനെ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചത്. ഇന്ന് തന്നെ പ്രചാരണം ആരംഭിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.

ആദ്യം പെരിയ കല്ല്യോട്ട് കൊല്ലപ്പെട്ട രണ്ട് യു.ഡി.എഫ് പ്രവർത്തകരുടെ വീടുകള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍‌ സന്ദർശിക്കും. പിന്നീടായിരിക്കും പ്രചാരണ പരിപാടികള്‍ ആരംഭിക്കുക. സ്ഥാനാർഥി നിർണയത്തെ ചൊല്ലി ഡി.സി.സി അധ്യക്ഷനെതിരെ കെ.പി.സി.സിക്ക് കത്ത് നൽകിയ ഡി.സി.സി അംഗങ്ങളും ഉണ്ണിത്താനെ സ്വീകരിക്കാന്‍ സ്റ്റേഷനിലെത്തിയിരുന്നു. ഡി.സി.സിയില്‍ സുബ്ബറൈയെ അനുകൂലിക്കുന്ന വിഭാഗമാണ് കെ.പി.സി.സിക്ക് പരാതി നല്‍കിയത്. കെ.പി.സി.സി നേതൃത്വം ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമാണ് ഉണ്ണിത്താന്‍ കാസര്‍കോട് എത്തിയത്.

error: Content is protected !!