കാസർഗോഡ് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി ; ഉണ്ണിത്താൻ പ്രചാരണം നിർത്തി

കാസർകോട് ഡി.സി.സിയിൽ വീണ്ടും പൊട്ടിത്തെറി. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ ശൈലി മാറ്റാതെ മുന്നോട്ട് പോകാനില്ലെന്ന നിലപാടിലാണ് സ്ഥാനാര്‍ഥി രാജ് മോഹൻ ഉണ്ണിത്താൻ. യു.ഡി.എഫ് നേതൃയോഗത്തിൽ നിന്നും രാജ്മോഹൻ ഉണ്ണിത്താൻ ഇറങ്ങിപ്പോയി.

തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിട്ടും കാസർകോട് ഡി.സി.സിയില്‍ സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് ഇതുവരെയും പരിഹാരമായില്ല. ഇന്ന് രാവിലെ ചേർന്ന ഡി.സി.സി നേതൃയോഗത്തിൽ നിന്നും രാജ് മോഹൻ ഉണ്ണിത്താൻ ഇറങ്ങിപ്പോയി. പിന്നീട് യു.ഡി.എഫ് നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഉണ്ണിത്താന്‍ യോഗത്തിലേക്ക് മടങ്ങി എത്തിയത്. ഇന്നലെ മണ്ഡലത്തിലെത്തിയ തനിക്ക് വേണ്ടത്ര സൗകര്യങ്ങൾ ലഭിച്ചില്ലെന്നും പ്രചാരണ പരിപാടികളിൽ വ്യക്തതയില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

നേതൃയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലിനെതിരെ ഒരു വിഭാഗം നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. ഡി.സി.സി പ്രസിഡന്റിനോടുള്ള അതൃപ്തി രാജ്മോഹന്‍ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

error: Content is protected !!