ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി പ്രിയങ്ക

ലോക്സഭ തെരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാര്‍ട്ടി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വ്യക്തിപരമായി താല്‍പര്യപ്പെടുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. ഇതോടെ പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. യു.പിയിൽ ത്രിദിന സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി ഇന്ന് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി സന്ദർശിക്കും.

പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായിരുന്നു. റായ്ബറേലിയില്‍ മാതാവ് സോണിയ ഗാന്ധിക്ക് പകരം മത്സരിക്കുമെന്നായിരുന്നു ആദ്യ റിപോർട്ടുകൾ. പിന്നീട് അത് വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സ്ഥാനാര്‍ഥിയാകും എന്നതിൽ വരെ എത്തി. മത്സര രംഗത്തേക്ക് ഇല്ല എന്നുള്ള നിലപാടാണ് അപ്പോഴെല്ലാം പ്രിയങ്ക ആവർത്തിച്ചത്. എന്നാല്‍ ഇത്തവണ നൽകിയ മറുപടിയിൽ മത്സരിക്കാനുള്ള സന്നദ്ധത പരസ്യമായി പ്രകടിപ്പിക്കുകയാണ് പ്രിയങ്ക ഗാന്ധി.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ പര്യടനം നടത്തുന്നതിനിടെയാണ് പ്രിയങ്കയുടെ പ്രതികരണം. ഇതോടെ ജവഹര്‍ലാല്‍ നെഹറുവിന്‍റെ മണ്ഡലവും, നെഹ്റു കുടുംബത്തിന്‍റെ ആസ്ഥാനവുമായ ഫൂല്‍പൂരില്‍ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്നത്. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിലെ മണ്ഡലത്തിൽ നിന്ന് ജയിച്ചു വരുമ്പോൾ പ്രിയങ്കയെ അമേഠിയിൽ നടത്താനുള്ള ആലോചനയുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.

error: Content is protected !!