പ്രളയം ചതിച്ചു ; സംസ്ഥാനത്ത് വരൾച്ച പ്രഖ്യാപിക്കാൻ സാധിക്കില്ല

കേരളത്തിൽ ചൂട് അതി കഠിനമാകുമ്പോഴും ജല ധൗർലഭ്യം രൂക്ഷമാകുമ്പോളും സ്ഥിതി വരൾച്ചയാണന്ന് പ്രഖ്യാപിക്കാൻ കഴിയില്ല.വരൾച്ച പ്രഖ്യാപിക്കുന്നതിനുള്ള സാങ്കേതിക നിബന്ധനകളാണ് ഇതിന് വെല്ലുവിളി തീർക്കുന്നത്.

എന്നാൽ സൂര്യാഘാതം മൂലം പൊള്ളലേറ്റവർക്കും മരിച്ചവരുടെ കുടുംബത്തിനും സഹായമെത്തിക്കാൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ട്.എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഇല്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ല.ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലായിരിക്കും കൂടുതൽ തീരുമാനങ്ങൾ ഇത് സംബന്ധിച്ച് ഉണ്ടാകുക.നിലവിലെ സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രത പ്രഖ്യാപിക്കും.വരൾച്ച പ്രഖ്യാപിച്ചില്ലെങ്കിലും സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

സൂര്യാഘാതമേറ്റ് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം സഹായധനം നല്കാൻ പ്രഖ്യാപിച്ചിട്ടുണ്ട്.ഒരാഴ്ച്ച ചികിത്സയിൽ കഴിയുന്നവർക്ക് 12700 രൂപയും അതിൽ കുറഞ്ഞ ദിവസം ചികിൽസിക്കേണ്ടി വന്നാൽ 4300 രൂപയും ലഭിക്കും.പോസ്റ്റ് മോർട്ടം റിപ്പോർട്ടോ ഡോക്ടറുടെ സാക്ഷി പത്രമോ അനുസരിച്ചാണ് ആശ്വാസധനം ലഭിക്കുക.

കേരളത്തിൽ ഈ വർഷം ഇതുവരെ മൂന്നുപേർക്ക് സൂര്യാഘാതം ഏറ്റു.ഇരുന്നൂറിലേറെപ്പേർ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്.ഇവർക്ക് എല്ലാം സഹായം എത്തിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ചൂട് കൂടുന്നതും കുടിവെള്ളം കുറയുന്നതും വരൾച്ചയായി പ്രഖ്യാപിക്കാൻ സാധിക്കില്ല.ഇതിന് ദേശീയ ദുരന്ത നിവാരണ സേനയുടെ ചില നിബന്ധനകൾ ഉണ്ട്.മുൻ വർഷം ഡിസംബർ വരെ മഴയുടെ അളവിൽ കാര്യമായ കുറവുണ്ടാകണം.എന്നാൽ നമുക്ക് പ്രളയമുണ്ടാക്കുന്ന മഴയാണ് ലഭിച്ചത്.ഭൂഗർഭ ജലത്തിലും കാര്യമായ കുറവ് കാണുന്നില്ല.കേരളത്തിന്റെ ഹരിത മേലാപ്പിനും കാര്യമായ മാറ്റങ്ങൾ ഒന്നുംസംഭവിച്ചിട്ടില്ല.ഇവയൊക്കെയാണ് വരൾച്ച പ്രഖ്യാപിക്കാനുള്ള പ്രധാന സൂചകങ്ങൾ.

കേരളത്തിലെ ഭൂരിഭാഗം ഗ്രാമങ്ങളും വരൾച്ചയുടെ ഭീഷണിയിലാണ്.ഇത്തരം ഇടങ്ങളിൽ കുടിവെള്ളത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടാണ് പണം ചിലവാക്കാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.തുക തികയാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ പണം നൽകും.ഇതിനായി കളക്ടർമാർക്ക് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

error: Content is protected !!