ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കരുത് ; കർശന നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൈതാനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍ അനുവദിക്കുമ്പോള്‍ നിഷ്പക്ഷമായി എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഒരുപോലെ ലഭ്യമാക്കണം. ഔദ്യോഗിക ജോലികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുകയോ വോട്ടര്‍മാര്‍ക്ക് പണവും മറ്റ് പ്രലോഭനങ്ങളും നല്‍കുകയോ ചെയ്യരുത്. സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന ഔദ്യോഗികമല്ലാത്ത ഐഡന്റിറ്റി സ്ലിപ്പുകളില്‍ ചിഹ്നം, പാര്‍ട്ടിയുടെ പേര്, സ്ഥാനാര്‍ത്ഥിയുടെ പേര് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളതല്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്‍, റിട്ടേണിംഗ് ഓഫീസര്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍, തുടങ്ങിയവര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതൊരു വിഷയത്തിലും പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍, ഉത്തരവുകള്‍ തുടങ്ങിയവ കൃത്യമായും പാലിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ നിരീക്ഷകര്‍, റിട്ടേണിംഗ് ഓഫീസര്‍, സെക്ടര്‍ മജിസ്ട്രേറ്റ്, ചീഫ് ഇലക്ടറല്‍ ഓഫീസര്‍, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തണം.

തെരഞ്ഞെടുപ്പ്  പ്രചാരണത്തിന്റെ ഭാഗമായി ഗതാഗത തടസം ഉണ്ടാക്കാത്ത രീതിയില്‍ ജാഥകള്‍ ക്രമീകരിക്കണം. ജാഥകളും യോഗങ്ങളും നടക്കുന്ന സ്ഥലത്തെയും സമയത്തെയും കുറിച്ച് പോലീസിനെ മുന്‍കൂട്ടി വിവരം അറിയിക്കുകയും അനുമതി വാങ്ങുകയും വേണം. പൊതുയോഗങ്ങളിലും ജാഥകളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനുള്ള അനുമതി ബന്ധപ്പെട്ടവരില്‍ നിന്നും വാങ്ങേണ്ടതാണ്. രാത്രി 10 നും രാവിലെ ആറ് മണിക്കും ഇടയില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതും ചട്ടലംഘനമാണ്.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും കുറിച്ച് വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് നയങ്ങള്‍, നടപടികള്‍, മുന്‍കാല പ്രവര്‍ത്തനങ്ങള്‍, നിലവിലുള്ള പ്രവൃത്തികള്‍ എന്നിവയില്‍ ഒതുക്കി നിര്‍ത്തേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയോ പ്രവര്‍ത്തകരുടേയോ പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെ കുറിച്ച്   ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ല. രാഷ്ട്രീയ അഭിപ്രായഭിന്നതകളുടെ പേരില്‍ വ്യക്തികളുടെ വീടിന് മുന്‍പില്‍ പ്രകടനം നടത്തുക, പിക്കറ്റ് ചെയ്യുക എന്നിവ അനുവദനീയമല്ല. ശാന്തവും സമാധാനപരവുമായ കുടുംബജീവിതത്തിനുള്ള ഓരോ വ്യക്തിയുടെയും അവകാശം പൂര്‍ണമായും സംരക്ഷിക്കേണ്ടതാണ്.

വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കല്‍, അവരെ ഭീഷണിപ്പെടുത്തല്‍, കള്ളവോട്ട് ചെയ്യല്‍, വോട്ടെടുപ്പ് ദിനം പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിയില്‍ വോട്ട് അഭ്യര്‍ഥിക്കല്‍, വോട്ടിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള സമയത്ത് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, പോളിംഗ് സ്റ്റേഷനിലേക്കും തിരിച്ചും വോട്ടര്‍മാരെ വാഹനങ്ങളില്‍ കൊണ്ടുപോവുക തുടങ്ങിയവ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. സമ്മതിദായകരെ മദ്യം നല്‍കി സ്വാധീനിക്കാന്‍ പാടില്ല. പോസ്റ്ററുകള്‍, കൊടി തോരണങ്ങള്‍, ചിഹ്നങ്ങള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍ വോട്ടിംഗ് ദിവസം പോളിംഗ് ബൂത്തിനും, വോട്ടേഴ്‌സ് സ്ലിപ് വിതരണം ചെയ്യുന്ന സ്ഥലത്തിന് സമീപവും പ്രദര്‍ശിപ്പിക്കരുത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ബാഡ്ജുകളോ തിരിച്ചറിയല്‍ രേഖകളോ കൈയ്യില്‍ കരുതേണ്ടതാണ്. ഒരു മണ്ഡലത്തിലെ സമ്മതിദായകനോ സ്ഥാനാര്‍ത്ഥിയോ സ്ഥാനാര്‍ത്ഥിയുടെ നിശ്ചിത മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഏജന്റോ അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സമയം കഴിഞ്ഞാലുടന്‍ മണ്ഡലം വിട്ട് പോകേണ്ടതാണ്. പ്രചാരണ സമയങ്ങളിലും തെരഞ്ഞെടുപ്പ് ദിവസവും വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കണം.

സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികള്‍, സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍ തുടങ്ങിയവര്‍ നേരിട്ട് പണമിടപാട് നടത്തുന്നതും വലിയ തുകകള്‍ കൈയ്യില്‍ വയ്ക്കുന്നതും ഒഴിവാക്കണം. ബാങ്ക് സൗകര്യമില്ലാത്ത പ്രദേശങ്ങളിലുള്ള പണമിടപാടുകള്‍, ഉദ്യോഗസ്ഥര്‍ക്കോ പാര്‍ട്ടി ജീവനക്കാര്‍ക്കോ ഉള്ള ശമ്പളം, പെന്‍ഷന്‍, തുടങ്ങിയ നിയമ പ്രകാരമുള്ള പണമടക്കല്‍ സാഹചര്യങ്ങളിലൊഴികെ ഒരു വ്യക്തി, കമ്പനി തുടങ്ങിയവക്ക് 20,000 ല്‍ കൂടുതലുള്ള തുക നേരിട്ട് പണമായി നല്‍കാന്‍ പാടില്ല.

error: Content is protected !!