അദ്വാനിയെ മാത്രമല്ല മുരളി മനോഹർ ജോഷിയെയും മാറ്റി ബിജെപി

ബി.ജെ.പി സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നിഷേധിച്ച് ബി.ജെ.പി. മത്സരിക്കേണ്ടെന്ന് ജനറല്‍ സെക്രട്ടറി രാം ലാല്‍ അറിയിച്ചതായി വോട്ടര്‍മാര്‍ക്ക് എഴുതിയ കുറിപ്പില്‍ മുരളി മനോഹര്‍ ജോഷി വ്യക്തമാക്കി. സവര്‍ണവോട്ടുകളെ ബാധിക്കുമെന്ന ആര്‍.എസ്.എസിന്‍റെ മുന്നറിയിപ്പ് അവഗണിച്ചാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ തീരുമാനം. നെവാദ മണ്ഡലത്തില്‍ നിന്ന് മാറ്റിയതില്‍ നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങും രംഗത്തെത്തി.

2014 ല്‍ നരേന്ദ്രമോദിക്കായി വാരണാസി സീറ്റ് ഒഴിഞ്ഞ് കൊടുത്ത മുതിര്‍ന്ന നേതാവ് മുരളിമനോഹര്‍ ജോഷി കാണ്‍പൂരില്‍ ആണ് മത്സരിച്ചത്. എന്നിട്ടും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്നാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുരളി മനോഹര്‍ ജോഷി മത്സരിക്കേണ്ടെന്നാണ് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. പിന്നാലെ ജനറല്‍ സെക്രട്ടറി രാംലാല്‍ അറിയച്ചതിനുസരിച്ച് താന്‍ മത്സരിക്കുന്നില്ലെന്ന് ഒപ്പിടാത്ത കുറിപ്പ് പുറത്തിറക്കി തന്‍റെ അതൃപ്തി ജോഷി വ്യക്തമാക്കി. കാണ്‍പൂരിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ്.

അദ്വാനിക്കും ജോഷിക്കും സീറ്റ് നല്‍കാത്തത് ഉത്തര്‍പ്രദേശിലെ സവര്‍ണവിഭാഗക്കാര്‍ക്ക് പ്രത്യേകിച്ചും ബ്രാഹ്മണവിഭാഗക്കാര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് ആര്‍.എസ്.എസ് അമിത് ഷാ അടക്കമുള്ളവരോട് ഓര്‍മ്മപ്പെടുത്തിയിരുന്നു. പാര്‍ലമെന്‍റ് എസ്റ്റിമേറ്റ് കമ്മിറ്റി ചെയര്‍മാനായിരുന്നപ്പോള്‍ കിട്ടാക്കടം വര്‍ധിക്കുന്നതും ഗംഗ ശുചീകരണവും അടക്കമുള്ള വിഷയങ്ങളില്‍ ജോഷി മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അതേസമയം നെവാദയില്‍ നിന്ന് ബേഗുസറായിലേക്ക് മണ്ഡലം മാറ്റാനുള്ള നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്ത് വന്നു.

ഇതിനിടെ ബി.ജെ.പി എം.പിയായ ശത്രുഘ്നന്‍ സിന്‍ഹ ഈ മാസം അവസാനം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. നേരത്തെ തന്നെ മോദി അമിത് ഷാ നേതൃത്വത്തിനെതിരെ പല തവണ പരസ്യവിമര്‍ശനം നടത്തിയ ശത്രുഘ്ന്‍ സിന്‍ഹക്ക് ഇത്തവണ ബി.ജെ.പി സീറ്റ് നല്‍കിയിട്ടില്ല. കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദാണ് പകരം പാറ്റ്ന സാഹിബ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി.

error: Content is protected !!