തിരഞ്ഞെടുപ്പ് പ്രചാരണം ; ചുക്കാൻ പിടിക്കാൻ പിണറായിയും വി എസ്സും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ ഒന്നിന് തുടങ്ങി 15 വരെ വിവിധ മണ്ഡലങ്ങളില്‍ 52 പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും 12 പൊതുയോഗങ്ങളില്‍ വി.എസ് അച്യുതാനന്ദന്‍ പങ്കെടുക്കും. കേന്ദ്രത്തില്‍ നിന്ന് സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവര്‍ കേരളത്തില്‍ പ്രചാരണത്തിനെത്തും.

കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ വിഎസായിരുന്നു ഇടത് മുന്നണിയുടെ പ്രചാരണത്തിന്‍റെ നേതൃത്വം നിര്‍വ്വഹിച്ചിരുന്നതെങ്കില്‍ ഇത്തവണ അതിന് മാറ്റമുണ്ട്. പിണറായി വിജയനാണ് ഇടത് പ്രചരണത്തിന്‍റെ ഇത്തവണത്തെ കപ്പിത്താന്‍. ഏപ്രില്‍ ഒന്നിനും 15നും ഇടയില്‍ 13 ദിവസമാണ് മുഖ്യമന്ത്രി വിവിധ മണ്ഡലങ്ങളിലായി 52 പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നത്. ഒരു ദിവസം നാല് പൊതുയോഗങ്ങളില്‍ വീതം മുഖ്യമന്ത്രി പങ്കെടുക്കും.

ആരോഗ്യപ്രശ്നങ്ങള്‍ വിഎസിനെ അലട്ടുന്നതുകൊണ്ട് വിവിധ മണ്ഡലങ്ങളിലായി 12 പൊതുയോഗങ്ങളിലാണ് വിഎസ് പങ്കെടുക്കുന്നത്. സംഘടനാ ചുമതലകള്‍ നിര്‍വ്വഹിക്കാനുള്ളതുകൊണ്ട് 6 ജില്ലകളിലായി 12 യോഗങ്ങളില്‍ മാത്രമാണ് കോടിയേരി പങ്കെടുക്കുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദകാരാട്ട് എന്നിവര്‍ 28 വീതം പൊതുയോഗങ്ങളില്‍ പങ്കെടുക്കും. എം.എ ബേബി, എസ് രാമചന്ദ്രന്‍ പിള്ള, സുഭാഷിണി അലി എന്നിവരും തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്നുണ്ട്. സി.പി.ഐ നേതാക്കളുടെ പ്രചാരണ പരിപാടികളും അടുത്ത ദിവസങ്ങളില്‍ തീരുമാനിക്കും.

error: Content is protected !!