തിരഞ്ഞെടുപ്പ് ; പത്രികാ സമർപ്പണം നാളെ മുതൽ ആരംഭിക്കും

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക നാളെ മുതല്‍ സ്വീകരിക്കും. ഏപ്രില്‍ നാലാണ് അവസാന തീയതി. പത്രിക സമര്‍പ്പണ സമയത്ത് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമേ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ പ്രവേശനമുള്ളൂ. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെ റിട്ടേണിംഗ് ഓഫീസറായ ജില്ലാ കലക്ടറുടെ ഓഫീസില്‍ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പണ സമയത്ത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസ് സ്ഥിതിചെയ്യുന്നതിന് 100 മീറ്ററിനുള്ളില്‍ സ്ഥാനാര്‍ഥിയോടൊപ്പം മൂന്ന് വാഹനങ്ങള്‍ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. ഏപ്രില്‍ എട്ട് വരെ പത്രിക പിന്‍വലിക്കാവുന്നതാണ്.

സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് നടത്തുന്നതിനുമാത്രമായി പത്രികാ സമര്‍പ്പണത്തിന് മുമ്പ് പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി അറിയിച്ചു. ദേശസാല്‍കൃത ബാങ്കിലോ സഹകരണ ബാങ്കിലോ പോസ്റ്റോഫീസിലോ സ്ഥാനാര്‍ഥിയുടെ സ്വന്തംപേരിലോ സ്ഥാനാര്‍ഥിയുടേയും ഇലക്ഷന്‍ ഏജന്റിന്റേയും ജോയന്റ് അക്കൗണ്ടായോ അക്കൗണ്ട് തുടങ്ങാവുന്നതാണ്. പത്രിക സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും അക്കൗണ്ട് ആരംഭിച്ചിരിക്കണം. തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ വരവു ചെലവുകളും ഈ അക്കൗണ്ടിലൂടെ മാത്രമേ നിര്‍വഹിക്കാവൂ. 10,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പണമിടപാടുകളും അക്കൗണ്ട് വഴി മാത്രമായിരിക്കണം. ക്രോസ്ഡ് അക്കൗണ്ട് പേയ്ചെക്ക് ,ഡിമാൻഡ് ഡ്രാഫ്റ്റ്, ആര്‍.ടി.ജി.എസ്, നെഫ്റ്റ് എന്നിവ മുഖേന മാത്രമേ ഇടപാട് നടത്താവൂയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

error: Content is protected !!