ബംഗാളിൽ യോഗിക്കും പറന്നിറങ്ങാൻ അനുമതിയില്ല …

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടര്‍ ഇറക്കുന്നതിന് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ബലുര്‍ഘട്ടില്‍ ഹെലികോപ്ടര്‍ ഇറക്കുന്നതിനാണ് അനുമതി നിഷേധിച്ചത്. തെക്കന്‍ ദിനാജ്പൂരിലും വടക്കന്‍ ദിനാജ്പൂരിലുമായി രണ്ട് പാര്‍ട്ടി പരിപാടികളിലാണ് യോഗി പങ്കെടുക്കേണ്ടിയിരുന്നത്. അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ടെലികോണ്‍ഫറന്‍സ് വഴി യോഗി റാലിയെ അഭിസംബോധന ചെയ്തു.

രഥയാത്രക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിനും അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മമത സര്‍ക്കാരിന്റെ നടപടി. യോഗി ആദിത്യനാഥിന്‍റെ ജനപ്രീതി കാരണമാണ് മമത സര്‍ക്കാര്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ അനുവദിക്കാതിരുന്നതെന്ന് യോഗിയുടെ ഇന്‍ഫര്‍മേഷന്‍ അഡ്വൈസര്‍ മൃത്യുഞ്ജയ് കുമാര്‍ ആരോപിച്ചു. മുന്‍കൂട്ടി അറിയിക്കാതെയാണ് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്‍റെ ജനാധിപത്യവിരുദ്ധ മനോഭാവമാണ് പുറത്തുവന്നതെന്ന് ബി.ജെ.പി നേതാവ് മുകുള്‍ റോയ് വിമര്‍ശിച്ചു.

മാല്‍ഡയിലെ പരിമിതമായ സൗകര്യം, സര്‍ക്കാര്‍ മൈതാനം സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാനാകില്ല തുടങ്ങിയ കാരണങ്ങളാണ് ജില്ലാ ഭരണകൂടം ചൂണ്ടിക്കാണിച്ചത്. നടപടിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ജില്ലാ കലക്ടറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 200 പൊതുയോഗങ്ങളാണ് ബി.ജെ.പി ബംഗാളില്‍ സംഘടിപ്പിക്കുന്നത്. യോഗി ആദിത്യനാഥിന് പുറമെ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, ശിവരാജ് സിങ് ചൌഹാന്‍ തുടങ്ങിയ നേതാക്കള്‍ വിവിധ ദിവസങ്ങളിലായി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും റാലിയെ അഭിസംബോധന ചെയ്തിരുന്നു.

error: Content is protected !!