അഞ്ചാം ഏകദിനം ; കരുത്ത് കാട്ടി ഇന്ത്യ …

അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് 35 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 253 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാന്‍ഡ് 217 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യൂസ് വേന്ദ്ര ചാഹലാണ് ന്യൂസിലാന്‍ഡിനെ വീഴ്ത്തിയത്. രണ്ട് വിക്കറ്റ് വീതമെടുത്ത് മുഹമ്മദ് ഷമി, ഹാര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവര്‍ പിന്തുണകൊടുത്തു. 44 റണ്‍സെടുത്ത ജയിംസ് നീഷാം ആണ് ടോപ് സ്‌കോറര്‍. നായകന്‍ കെയിന്‍ വില്യംസണ്‍(39) ടോം ലാഥം(37) എന്നിവര്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് അവസാനിപ്പിച്ചു.

ടോസ് നേടി ബാറ്റിംങിനിറങ്ങിയ ഇന്ത്യ 252ന് പുറത്താവുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മുന്‍നിര ബാറ്റിംങ് തകര്‍ന്നടിഞ്ഞ ഇന്ത്യയുടെ രക്ഷകനായത് അമ്പാട്ടി റായിഡുവാണ്. റായിഡുവിന്റേയും വിജയ് ശങ്കറിന്റേയും വാലറ്റത്ത് പാണ്ഡ്യയുടെ വെടിക്കെട്ടിന്റേയും ബലത്തിലാണ് ഇന്ത്യന്‍ സ്കോര്‍ 49.5 ഓവറില്‍ 252 റണ്‍സിലെത്തിയത്.

ടോസ് നേടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നു. രണ്ടക്കം കടക്കാതെയാണ് ധോണിയടക്കമുള്ള മുന്‍നിര താരങ്ങള്‍ പുറത്തായത്. രണ്ട് റൺസെടുത്ത നായകൻ രോഹിത്ത് ശർമയുടെ കുറ്റി തെറിപ്പിച്ചാണ് കിവികൾ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. മാറ്റ് ഹെന്‍റിക്കായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറിൽ ശിഖർ ധവാനെ (6) ഹെന്റിയുടെ കെെകളിലെത്തിച്ച് ബൗൾട്ടും വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചു. എം.എസ് ധോണിയെയും (1) നിലയുറപ്പിക്കും മുൻപ് ബൗൾട്ട് പറഞ്ഞയച്ചപ്പോൾ, പുതുമുഖം ശുഭ്മാൻ
ഗില്ലിനെ (7) സാന്‍ഡ്നറുടെ കെെയിലെത്തിച്ച് മാറ്റ് ഹെന്റിയും ഇന്ത്യൻ ക്യാമ്പിനെ ഞെട്ടിച്ചു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ വിജയ് ശങ്കറുമൊത്ത്(45) അമ്പാട്ടി റായിഡു നടത്തിയ ബാറ്റിംങാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 31.5 ഓവറില്‍ 116 റണ്‍സ് വരെ ഇന്ത്യന്‍ സ്‌കോറെത്തിച്ചു. നാല് ബൗണ്ടറിയടിച്ച വിജയ് ശങ്കര്‍ റണ്ണൗട്ടായെങ്കിലും തുടര്‍ന്നെത്തിയ കേദാര്‍ജാദവും(34) ശ്രദ്ധയോടെ ബാറ്റ് വീശിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 200നടുത്തെത്തി.

അര്‍ഹിച്ച സെഞ്ചുറിക്ക് 10 റണ്‍ അകലെ വെച്ച് ഹെന്റി റായിഡുവിനെ മണ്‍റോയുടെ കൈകളിലെത്തിച്ചു. എട്ട് ഫോറും നാല് സിക്‌സറും നേടിയായിരുന്നു റായിഡു ഇന്ത്യന്‍ രക്ഷകനായത്. അവസാന ഓവറുകളില്‍ പാണ്ഡ്യയുടെ വെടിക്കെട്ടും ഇന്ത്യന്‍ സ്‌കോറിന് മാന്യത നല്‍കി. അഞ്ച് സിക്സറടക്കം 22 പന്തില്‍ 45 റണ്‍ പാണ്ഡ്യ നേടി.

ന്യൂസിലന്‍ഡിനുവേണ്ടി ഹെന്റി നാല് വിക്കറ്റും ബോള്‍ട്ട് മൂന്നു വിക്കറ്റും വീഴ്ത്തി.

അഞ്ച് മത്സരങ്ങളിലെ ആദ്യ മൂന്നിലും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ പക്ഷേ, നാലാം മത്സരത്തില്‍ കിവികളോട് എട്ട് വിക്കറ്റിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 92 റണ്‍സിന് ഇന്ത്യയെ കൂടാരം കയറ്റിയ ന്യൂസിലന്‍ഡ്, രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

error: Content is protected !!