ലോക്സഭാ തിരഞ്ഞെടുപ്പ് ; അതിവേഗ നീക്കങ്ങളുമായി കോൺഗ്രസ് …

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം ഉടൻ പൂർത്തിയാക്കി പ്രചരണത്തിന് ഇറങ്ങാനൊരുങ്ങി കോൺഗ്രസ്. പി.സി.സി അധ്യക്ഷന്മാരും പ്രചരണ സമിതി ചെയർമാൻമാരും മത്സരിക്കില്ല. ആവർത്തിച്ച് മത്സരിച്ച് പരാജയപ്പെട്ടവർ സ്ഥാനാർഥിത്വത്തില്‍ നിന്ന് മാറിനില്‍ക്കാനും നിര്‍ദേശം. പ്രിയങ്ക ഗാന്ധിയെ എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറക്കും.

ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. മാർച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നതിനാൽ സ്ഥാനാർഥി നിർണയം എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും പ്രചാരണം ആരംഭിക്കാനും രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. സ്ഥാനാർത്ഥിത്വത്തിന് ജയം മാത്രമാണ് മാനദണ്ഡം. അതിനാൽ ആവർത്തിച്ച് മത്സരിച്ച് പരാജയപ്പെട്ടവരെ സ്ഥാനാർഥി ആകേണ്ടതില്ലെന്നാണ് തീരുമാനം. ഉത്തരവാദിത്തം ഏറെയുള്ളതിനാൽ പി.സി.സി അധ്യക്ഷന്മാരും പ്രചരണസമിതി ചെയർമാൻമാരും മത്സരിക്കില്ല.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവർ ആയതിനാൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരും മത്സരിക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് എതിർപ്പില്ല. പ്രിയങ്ക ഗാന്ധിയുടെ വ്യക്തിപ്രഭാവം എല്ലാ സംസ്ഥാനങ്ങളിലെയും പ്രചരണരംഗത്ത് പ്രയോജനപ്പെടുത്താനും തീരുമാനമായി. 11ന് ലഖ്നൌവില്‍ രാഹുലും പ്രിയങ്കയും ലഖ്നൌവില്‍ റോഡ് ഷോ നടത്തും. 12 മുതൽ 14 വരെ പ്രിയങ്ക ലഖ്നൗവിൽ പ്രവർത്തകരുമായി സംവദിക്കും. കേരളത്തിലും പ്രിയങ്ക പ്രചരണത്തിന് എത്തും. 18 മുതൽ മാർച്ച് മൂന്നുവരെ ആന്ധ്രാപ്രദേശിൽ നടക്കുന്ന കോൺഗ്രസ് റാലിയിൽ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി അറിയിച്ചു. പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട വാഗ്ദാനങ്ങളും പ്രാദേശിക സഖ്യസാധ്യതകളും യോഗം ചർച്ച ചെയ്തു .

error: Content is protected !!