കിസാൻ ലോങ്ങ് മാർച്ച് സമാപിച്ചു…

ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്തിയ കിസാൻ ലോങ് മാർച്ച് അവസാനിപ്പിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പ് മഹാരാഷ്ട്ര സർക്കാർ എഴുതി നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ആവശ്യങ്ങൾ നടപ്പാക്കാൻ മൂന്നു മാസത്തെ സമയം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര സർക്കാരിന്റെയും കേന്ദ്രസർക്കാരിനെയും വാഗ്ദാന ലംഘനത്തിനെതിരെയാണ് കർഷകർ രണ്ടാമത് ലോങ് മാർച്ച് സംഘടിപ്പിച്ചത്. വിവിധ ഇടങ്ങളിൽ കർഷകരെ തടഞ്ഞതിനാൽ ഒരു ദിവസം വൈകിയാണ് മാർച്ച് തുടങ്ങിയത്. നാസിക്കിൽ നിന്ന് മുംബൈ വരെ 7 ദിവസം കൊണ്ട് മാർച്ച് ചെയ്ത് എത്താനായിരുന്നു കർഷകരുടെ പദ്ധതി. ഇതിനിടെ നിരവധി തവണ അനുനയ ശ്രമങ്ങളുമായി മഹാരാഷ്ട്ര സർക്കാർ രംഗത്തെത്തിയെങ്കിലും, ആവശ്യങ്ങൾ അംഗീകരിച്ചതായി എഴുതി നൽകണമെന്ന് ഓൾ ഇന്ത്യ കിസാൻ സഭ പ്രതിനിധികൾ നിലപാടെടുത്തു . ഇതാണ് സർക്കാരിന് പ്രതിസന്ധിയായത്. തുടർന്ന് ചർച്ചകൾ അവസാനിപ്പിച്ചെങ്കിലും മാർച്ച് ആരംഭിച്ച് 13 കിലോമീറ്റർ പിന്നിട്ടപ്പോൾ മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജൻ വീണ്ടും ചർച്ചക്ക് എത്തുകയായിരുന്നു.

ആറ് മണിക്കൂറോളം കർഷക പ്രതിനിധികളും മന്ത്രിയും തമ്മിൽ ചർച്ചനടത്തി . ഈ സമയം വിൽഹോളിയിലെ മൈതാനത്തായിരുന്നു കർഷകർ തമ്പടിച്ചിരുന്നത് .2016-17 കാലത്തെ കാർഷിക കടം എഴുതിത്തള്ളുക വരൾച്ചാ ദുരിതാശ്വാസം പ്രഖ്യാപിക്കുക, വന നിയമം നടപ്പാക്കുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു കർഷകർ പ്രധാനമായും മുന്നോട്ടുവച്ചത്. ചർച്ചക്കൊടുവിൽ ആവശ്യങ്ങൾ അംഗീകരിച്ചതായി മന്ത്രി കർഷകർക്ക് എഴുതി നൽകി . ഇതേ തുടർന്ന് സമരം അവസാനിപ്പിക്കുന്നതായി ഓൾ ഇന്ത്യ കിസാൻ സഭയും പ്രഖ്യാപിച്ചു.

ആവശ്യങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള മേൽനോട്ടത്തിനായി ഒരു റിവ്യൂ സമിതിയെയും സർക്കാർ നിയോഗിക്കും . രണ്ടു മാസത്തിന് ശേഷം ഈ സമിതിയാകും ആവശ്യങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി നിരീക്ഷിക്കുക. നിലവിൽ കർഷകരുടെ ആവശ്യങ്ങൾ നടപ്പാക്കാൻ മൂന്ന് മാസത്തെ സമയമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്

error: Content is protected !!