സംസ്ഥാനത്തുണ്ടാകുന്ന തീപിടുത്തങ്ങളിലെ അട്ടിമറി സാദ്ധ്യതകൾ പരിശോധിക്കും : അഗ്നിശമന സേനാ മേധാവി

സംസ്ഥാനത്തുണ്ടാകുന്ന തീ പിടിത്തങ്ങളിലെ അട്ടിമറി സാധ്യതകള്‍ അന്വേഷിക്കുമെന്ന് ഫയര്‍ ഫോഴ്സ് മേധാവി എ.ഹേമചന്ദ്രന്‍‍. സംഭവങ്ങളില്‍ പൊലീസ് അന്വേഷണം ആവശ്യമാണ്. തീപിടിത്തങ്ങള്‍ നേരിടാന്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹേമചന്ദ്രന്‍ പറഞ്ഞു.

തീപിടുത്തങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ഫയര്‍ഫോഴ്സ് . ഫയര്‍ എന്‍.ഒ.സി ഇല്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് ശിപാര്‍ശ നല്‍കും. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി പ്രതിരോധ പ്രവര്‍ത്തന ശക്തമാക്കാന്‍ അഗ്നിശമന സേന തീരുമാനിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീ പിടുത്തം ഉണ്ടാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്സ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്. തീ പിടുത്തം ഒഴിവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് പ്രധാന തീരുമാനം. ഫയര്‍ എന്‍.ഒ.സി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നിരവിധി കെട്ടിടങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇവക്കെതിരെ നടപടി സ്വീകരിക്കാണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശിപാര്‍ശ നല്‍കും. എന്‍.ഒ.സി ലഭിച്ചവര്‍ തന്നെ വ്യവസ്ഥകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നോട്ടീസ് നല്‍കാന്‍ ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാത്തരം തീ പിടുത്തങ്ങളും നിയന്ത്രണ വിധേയമാക്കാന്‍ കഴിയും വിധം അഗ്നിശമന സേനാംഗങ്ങള്‍ക്ക് ആധുനിക ഉപകരണങ്ങളില്‍ അടക്കം പരിശീലനം നല്‍കും. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കമാന്‍ഡോ മാതൃകയില്‍ പരിശീലനം നല്‍കും.

ഇതു കൂടാതെ പൊതുജനങ്ങളെ കൂടി അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തും. വലിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അഗ്നിശമന പരിശീലനം നല്‍കും. കമ്മ്യൂണിറ്റി റെസ്ക്യൂ വോളന്റിയര്‍ സ്കീമിലൂടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാന്‍ ഫയര്‍ഫോഴസ് ഡയറക്ടര്‍ ജനറല്‍ നിര്‍ദേശം നല്‍കി. ജലാശയ അപകട സാധ്യത ഉള്ളിടങ്ങളില്‍ അപകട ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ശിപാര്‍ശ നല്‍കാനും ഉന്നതതല യോഗം തീരുമാനിച്ചു.

error: Content is protected !!