വയനാട്ടിൽ ചാരം വീഴുന്നു ; ഉച്ചവെയിലിനും നിറം മാറ്റം

ബന്ദിപ്പൂരിലും മുതുമലയിലും ഉണ്ടായ കാട്ടുതീയെ തുടർന്ന് വയനാട്ടിലെ അതിർത്തി ഗ്രാമങ്ങളിൽ ചാരം വീഴുന്നു. പുക നിറഞ്ഞ അന്തരീക്ഷത്തിൽ ഉച്ചവെയിലിനും നിറം മാറ്റമുണ്ട്.

കർണ്ണാടകയിലും തമിഴ്‍നാട്ടിലും കാട് കത്തിയതിന്റെ അലയൊലികൾ വയനാട്ടിലെ അതിർത്തി ഗ്രാമങ്ങളിൽ പ്രകടമാണ്. മുത്തങ്ങയിലും പരിസരങ്ങളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളായി വന്നു വീഴുന്ന ചാരവും കരിയിലകളും അയൽ സംസ്ഥാനങ്ങളിലെ തീപിടിത്തത്തിന്റെ തീവ്രതയാണ് സൂചിപ്പിക്കുന്നത്. മുത്തങ്ങ ചെക്ക് പോസ്റ്റിലും തൊട്ടടുത്ത വീടുകളിലുമെല്ലാം കാറ്റിൽ ചാരം പറന്നെത്തുന്നുണ്ട്.

രാവിലെ മഞ്ഞ് വീഴുമ്പോഴും ഉച്ചവെയിലിലും പുകയുടെ സാന്നിദ്ധ്യം കാണാനാവും. രണ്ട് ദിവസമായി ചൂട് കൂടിയതായും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം മുത്തങ്ങ വനമേഖലയിലെ മരതക മലയിലുണ്ടായ അഗ്നിബാധയും ചൂട് കൂടിയതിനെ തുടർന്നാകാമെന്നാണ് വനപാലകരുടെ നിഗമനം.

error: Content is protected !!