ശബരിമലയില്‍ വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കി

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കി പൊലീസ്. തീര്‍ഥാടകരുമായി എത്തുന്ന വാഹനങ്ങള്‍ അതത് പ്രദേശത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ നിന്ന് പാസ് വാങ്ങണം. പാസില്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് സ്‌റ്റേഷനില്‍ നിന്ന് പാസ് സൗജന്യമായി നല്‍കും.

വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ബന്ധപ്പെട്ട രേഖകള്‍ നിലക്കല്‍, പമ്പ, സന്നിധാനം പൊലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയാണ് പാസ് വാങ്ങേണ്ടത്. ശബരിമലയിലെ സുരക്ഷ ക്രമീകരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പത്തനംതിട്ട എസ്.പി അറിയിച്ചു.

ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.

നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.

error: Content is protected !!