യു. എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന് വൻ തിരിച്ചടി: ജനപ്രതിനിധി സഭ ഡെമോക്രാറ്റുകൾ തിരിച്ചു പിടിച്ചു

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് വൻ തിരിച്ചടി. എട്ട് വർഷത്തിന് ശേഷം ജനപ്രതിനിധി സഭ ഡെമോക്രാറ്റുകൾ തിരിച്ചു പിടിച്ചു. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തി. 435 അംഗ ജനപ്രതിനിധി സഭയിലെ എല്ലാ സീറ്റിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റിലേക്കുമാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടന്നത്. ഇതിനോടൊപ്പം 36 സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് വേണ്ടിയും ജനങ്ങൾ സമ്മതിദാന അവകാശം വിനിയോഗിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ട്രംപ് ഭരണത്തിന്റെ വിധിയെഴുത്ത് കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുന്നതിനായി പ്രചരണ റാലികളില്‍ ട്രംപ് സജീവമായി പങ്കെടുത്തിരുന്നു. ഡെമോക്രാറ്റുകള്‍ക്ക് വേണ്ടി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയും രംഗത്തിറങ്ങിയിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും അധികം വനിതകള്‍ രംഗത്തുള്ള തിരഞ്ഞെടുപ്പ് കൂടിയാണിത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ടെക്‌സസില്‍ ടെഡ് ക്രൂസ് സെനറ്റ് സീറ്റ് നിലനിര്‍ത്തി. എതിരാളി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ബെറ്റൊ  റൗര്‍ക്കിയെയാണു പരാജയപ്പെടുത്തിയത്. സൗത്ത് ഡെക്കോഡ സംസ്ഥാനത്തിന് ആദ്യ വനിതാഗവര്‍ണറായി ക്രിസ്റ്റി നൊയിം തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ ടിക്കറ്റില്‍ മല്‍സരിച്ചാണ് ക്രിസ്റ്റി ചരിത്രവിജയം സ്വന്തമാക്കിയത്.

ജനപ്രതിനിധിസഭയില്‍ കേവലഭൂരിപക്ഷത്തിനു വേണ്ട 218 സീറ്റ് ഡമോക്രാറ്റുകള്‍ നേടുമെന്ന് ഉറപ്പായിരിക്കുകയാണ്. നിലവില്‍ 196 സീറ്റ് ഡമോക്രാറ്റുകള്‍ നേടിയപ്പോള്‍ 182 റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളാണു വിജയിച്ചിരിക്കുന്നത്.

 

error: Content is protected !!