കളി എന്‍എസ്എസിനോട് വേണ്ട: ജി. സുകുമാരന്‍ നായര്‍

എന്‍.എസ്.എസ് ഓഫീസുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ രൂക്ഷമായ പ്രതികരണവുമായി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തി. ‘എൻ എസ് എസിനോട് കൂടുതൽ കളിക്കേണ്ടെന്ന്’ താക്കീത് രൂപത്തിൽ അദ്ദേഹം പറഞ്ഞു. ശബരിമലയിലെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനായാണ് എന്‍എസ്എസ് സമാധാനപരമായി വിശ്വാസ സമരം നടത്തിയത്.

എന്നാല്‍ കേരളത്തില്‍ പലസ്ഥലങ്ങളിലായി എന്‍എസ്എസിന്‍റെ കരയോഗ മന്ദിരങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഇതിന്‍റെ പിന്നില്‍ ആരാണെന്നറിയാമെന്നും കളി എന്‍എസ്എസിനോട് വേണ്ടെന്നും സമുദായാംഗങ്ങള്‍ക്ക് എന്ത് സാഹചര്യം നേരിടാനുള്ള കരുത്തുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ദേവസ്വം നിയമനങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഒരു വര്‍ഷമായി നിലനില്‍ക്കുന്നുണ്ട്. ഇതിന് പ്രത്യേക ചട്ടം ഉണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ 32 ശതമാനം സംവരണമുള്ള പട്ടികജാതി/ പട്ടിക വാര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം 40 ശതമാനമായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ദേവസ്വം നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ പ്രത്യേക ചട്ടവും നിലവിലുണ്ടായിട്ടും പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം സര്‍ക്കാര്‍ ഉയര്‍ത്തിയത് ദുരുദ്ദേശത്തോടെയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. സംവരണത്തിന്‍റെ പേരില്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുവാനുള്ള ശ്രമമാണ് സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുള്ളതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

error: Content is protected !!