വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം : കണ്ണൂരില്‍ സ്‌കൂളുകളില്‍ ജാഗ്രതാ സമിതി

കണ്ണൂര്‍ :  വിദ്യാര്‍ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് സ്‌കൂളുകളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി. ലഹരിയില്‍ നിന്ന് വിമുക്തി, കൈകോര്‍ക്കുക ജീവിതത്തിനായി എന്ന മുദ്രാവാക്യമുയര്‍ത്തി എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകള്‍, സ്‌കൂള്‍ പിടിഎ ഭാരവാഹികള്‍, സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായ ഐആര്‍പിസി എന്നിവയെ ഉള്‍പ്പെടുത്തിയാണ് ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം. ഇതിനായി ജില്ലയിലെ 171 ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നവംബര്‍ 30 ന് മുമ്പായി സമിതികള്‍ രൂപീകരിക്കും.

ജില്ലാ പഞ്ചായത്ത് അംഗം ചെയര്‍മാന്‍ ആയ കമ്മറ്റിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എക്‌സൈസ് , പോലീസ് ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, ഐആര്‍പിസി കണ്‍വീനര്‍, വാര്‍ഡ് മെമ്പര്‍, പി എച്ച് സി ഡോക്ടര്‍, വിദ്യാര്‍ഥി പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കും.
ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനത്തിനായി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്. മൊഡ്യൂള്‍ അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 12 ന് സിറ്റി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ലഹരിവസ്തുക്കളുടെ ഉറവിടങ്ങള്‍ കണ്ടെത്തി തടയാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി രക്ഷിതാക്കള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നല്‍കും. പുതുതലമുറ ലഹരിമരുന്നുകള്‍ കണ്ടെത്തുന്നതിന് അധ്യാപകര്‍ക്ക് ജില്ലാ തലത്തില്‍ ശാസ്ത്രീയ പരിശീലനം നല്‍കും.

ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന യോഗം പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍ അദ്ധ്യക്ഷനായി. ജില്ലാ ഗവ. ആശുപത്രി സൈക്യാട്രിസ്റ്റ് ഡോ. ഗൗരവ് പി ശങ്കര്‍ മൊഡ്യൂള്‍ അവതരിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍ പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി കെ സുരേഷ്ബാബു, ടി ടി റംല, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷ്, എച്ച് എസ് എസ് കോര്‍ഡിനേറ്റര്‍ പി ഒ മുരളീധരന്‍, ഐആര്‍പിസി സെക്രട്ടറി കെ വി മുഹമ്മദ് അഷറഫ്, ആരോഗ്യവകുപ്പ് ടെകനിക്കല്‍ ഓഫീസര്‍ സുനില്‍ദത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ സ്വാഗതവും പി ജാനകി നന്ദിയും പറഞ്ഞു.

 

error: Content is protected !!