കീഴടങ്ങാം പക്ഷേ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് അയക്കരുത്: നിബന്ധനയുമായി ഡിവൈഎസ്പി ഹരികുമാര്‍

നെയ്യാറ്റിന്‍കരയിലെ സനൽകുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റുചെയ്യുന്നതിനുള്ള നീക്കം ശക്തമാക്കി ക്രൈംബ്രാഞ്ച്. കീഴടങ്ങാന്‍ പറയണമെന്ന് ഹരികുമാറിന്റെ കുടുംബത്തോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഭാര്യയോടും അടുത്ത ബന്ധുക്കളോടുമാണ് അന്വേഷണസംഘം ആവശ്യമുന്നയിച്ചത്.

അതേസമയം കീഴടങ്ങുന്ന പക്ഷം തന്നെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് അയക്കരുതെന്ന് നിബന്ധനയുമായി പ്രതി രംഗത്ത് വന്നത് അന്വേഷണ സംഘത്തിന് തലവേദനയായി. താന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റ് ചെയ്ത പ്രതികളാണ് നെയ്യാറ്റിന്‍കര സബ് ജയിലിലുള്ളത്. അതിനാല്‍ തന്നെ നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്നത് തന്റെ സുരക്ഷയെ ബാധിക്കുമെന്നാണ് ഹരികുമാറിന്റെ നിലപാട്. പൊലീസ് അസോസിയേഷനോടാണ് പ്രതി തന്റെ ആവശ്യം അറിയിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ അരമന, ചിത്തിരംകോട് മേഖലയില്‍ ഒളിവിലാണ് പ്രതിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹരികുമാറിന് പൊലീസ് അസോസിയേഷന്‍ ഉന്നതന്റെ സഹായമുണ്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയുന്നു. പ്രതി ഒളിവില്‍ തുടരുന്നത് സേനയ്ക്ക് നാണക്കേടാണെന്ന വാദവും പൊലീസില്‍ ശക്തമാണ്.

error: Content is protected !!