നെയ്യാറ്റിന്‍കര കൊലപാതകം: ഡിവൈഎസ്പി ഹരികുമാറിനായി വ്യാപക തിരച്ചില്‍

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡി വൈ എസ് പി ഹരികുമാറിനായി വ്യാപക തിരച്ചില്‍. ഹരികുമാറിന്റെ സഹോദരനോട് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. ഹരികുമാറിന്റെയും ഇയാള്‍ക്കൊപ്പം ഒളിവില്‍ പോയ സുഹൃത്ത് ബിനുവിന്റെയും വീടുകളില്‍  പോലീസ് തിരച്ചില്‍ നടത്തുകയാണ്. ബന്ധുവീടുകളിലും തിരച്ചില്‍ നടത്തുന്നുണ്ട്‌.

ഹരികുമാറും സുഹൃത്ത് ബിനുവും മധുരവിട്ടുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സംഭവം നടന്ന് 6 ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതിൽ നാട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.  ഹരികുമാര്‍ പൊലീസില്‍ കീഴടങ്ങുമെന്ന സൂചനകള്‍ നേരത്തേ ലഭിച്ചിരുന്നെങ്കിലും ഇതിന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പൊലീസ് വ്യക്തമാക്കുന്നത്. ഹരികുമാറും സുഹൃത്തായ ബിനുവും ഒരുമിച്ചാണ് ഒളിവിൽ സഞ്ചരിക്കുന്നതെന്നാണ് ഒടുവിലായി ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്ന വിവരം. ഹരികുമാറിന്റെ സഹോദരനോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹരികുമാറിന് സേനയ്ക്കുള്ളില്‍നിന്ന് സഹായം കിട്ടുന്നുണ്ടെന്നും പൊലീസിലുള്ള വിശ്വാസം ഓരേ ദിവസവും കുറയുകയാണെന്നും സനല്‍കുമാറിന്‍റെ സഹോദരി പറഞ്ഞു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവും ബന്ധുക്കളില്‍നിന്ന് ഉയരുന്നുണ്ട്.

error: Content is protected !!