മണ്ഡല-മകരവിളക്ക് കാലത്തിനായി ശബരിമല നട തുറന്നു; സന്നിധാനത്ത് ആശങ്കയുടെ മണിക്കൂറുകൾ

മണ്ഡല-മകരവിളക്ക് കാലത്തിനായി ശബരിമല നട തുറന്നു. പുതിയ വർഷത്തേയ്ക്കായി തെരഞ്ഞെടുത്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണം അൽപസമയത്തിനകം നടക്കും. സന്നിധാനത്തും മാളികപ്പുറം ക്ഷേത്രങ്ങളിലുമായാണ് സ്ഥാനാരോഹണച്ചടങ്ങുകൾ. നെയ്‍വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യമറിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് കീഴെയുള്ള ആഴിയിലേക്ക് അഗ്നി പകരും. അതിന് ശേഷം ഇന്നത്തെ പ്രധാനചടങ്ങുകൾ അവസാനിക്കും. തുടർന്ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. നാളെ പുലർച്ചെ നാല് മണിയ്ക്കാണ് നട തുറക്കുക.

ദർശനത്തിനുള്ള സംവിധാനങ്ങൾ എങ്ങനെ?

ഡിജിറ്റൽ ക്യൂ ബുക്കിംഗ് നടത്തിയാൽ ഒരു ക്യൂ കൂപ്പൺ തീർഥാടകർക്ക് ലഭിക്കും. ഇത് ശബരിമലയിലെത്തുമ്പോൾ തീർഥാടകർ കയ്യിൽ കരുതണം. ഈ കാർഡുള്ളവർക്ക് മാത്രമേ, ഡിജിറ്റൽ ക്യൂ തീർഥാടകർക്കുള്ള സൗകര്യങ്ങൾ നൽകൂ. മരക്കൂട്ടത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഈ കൂപ്പണുള്ളവർ മാത്രമേ ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേയ്ക്ക് പോകുന്നുള്ളൂ എന്ന് ഉറപ്പാക്കും. ദുരുപയോഗം ഒഴിവാക്കാൻ ഈ കൂപ്പണിന്‍റെ കൗണ്ടർഫോയിൽ സന്നിധാനത്ത് ശേഖരിക്കും.

ഇത്തവണ തീർഥാടകരുടെ സ്വകാര്യ വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമേ അനുവദിയ്ക്കൂ. നിലക്കൽ – പമ്പ റൂട്ടിൽ തീർഥാടകർക്കായി കെഎസ്ആർടിസി ബസ്സുകൾ മാത്രമാണുള്ളത്. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് പമ്പയിലേക്ക് വരുന്നവർ നിലയ്ക്കൽ നിന്ന് ടിക്കറ്റ് എടുക്കേണ്ട.

വാഹന പാസ് എങ്ങനെ വാങ്ങാം?

ശബരിമല തീര്‍ത്ഥാടകര്‍ എത്തുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നേരത്തെ വാഹനങ്ങളുടെ പാസ് വൈകുന്നത് സംബന്ധിച്ച് പരക്കെ പരാതി ഉയര്‍ന്നിരുന്നു. പാസ് ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകള്‍ പെട്ടെന്നുതന്നെ പരിഗണിക്കുകയും കാലതാമസം കൂടാതെ പാസ് നല്‍കുകയും വേണമെന്ന് ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു.

വ്യക്തമായ കാരണങ്ങളില്ലാതെ പാസിനുള്ള അപേക്ഷ നിരസിക്കപ്പെടുന്നില്ലെന്ന് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഉറപ്പുവരുത്തണം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇല്ലെന്ന കാരണത്താല്‍ ഒരു കാരണവശാലും അപേക്ഷകരെ പാസ് നല്‍കാതെ മടക്കി അയയ്ക്കാന്‍ പാടില്ലെന്നും ബെഹ്റ വ്യക്തമാക്കി.

സന്നിധാനത്ത് പിടി മുറുക്കി പൊലീസ്

ചരിത്രത്തിലാദ്യമായി സന്നിധാനം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. വലിയ നടപ്പന്തലിന് താഴെയും നടപ്പന്തലിലും ആളുകളെ കൂട്ടം കൂടാൻ അനുവദിയ്ക്കാതെ ക്യൂ പാലിച്ച് മാത്രമേ ദർശനം അനുവദിക്കൂ. മരക്കൂട്ടത്ത് നിന്ന് മുകളിലേക്ക് ക്യൂ പാലിച്ച് മാത്രമേ കയറാനാകൂ. മരക്കൂട്ടത്തിനടുത്തും വലിയ നടപ്പന്തലിലും കഴിഞ്ഞ തവണ വലിയ രീതിയിൽ ആളുകൾ കൂട്ടം കൂടി പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണ് പൊലീസിന്‍റെ മുൻകരുതൽ.

കീഴ്‍വഴക്കങ്ങൾ മാറ്റി പൊലീസ്; സോപാനത്തിന് താഴെ ഡ്രസ് കോഡ് നിർബന്ധം

കാലങ്ങൾക്ക് ശേഷം കീഴ്‍വഴക്കങ്ങൾ മാറ്റിയാണ് പൊലീസ് സന്നിധാനത്ത് വിന്യാസമൊരുക്കുന്നത്. സോപാനത്തിന് കീഴെ ഡ്രസ് കോഡ് നിർബന്ധമാണ്. സംഘർഷസ്ഥലത്ത് എങ്ങനെയാണോ പൊലീസ് വിന്യാസം നടത്തുന്നത്, അതുപോലെ തന്നെ ഷീൽഡും, ലാത്തിയും, ഹെൽമറ്റും കരുതണം. ഉന്നത ഉദ്യോഗസ്ഥരെ കണ്ടാൽ സല്യൂട്ട് ചെയ്യണം. ‘സ്വാമി’ എന്നല്ല, ‘സർ’ എന്ന് തന്നെ സംബോധന ചെയ്യണമെന്നും പൊലീസുകാർക്ക് നി‍ർദേശമുണ്ട്.

കാനനപാതകളിൽ കർശനസുരക്ഷ

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതകളിലും വൻ സുരക്ഷാക്രമീകരണങ്ങളാണ് വനംവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനധികൃതമായി വനത്തിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്നും പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ നേരത്തെ വിശദമാക്കിയിട്ടുണ്ട്. അഴുതക്കടവ് – ചെറിയാനവട്ടം , സത്രം- സന്നിധാനം എന്നീ പരമ്പരാഗത കാനന പാതകളാണ് വനംവകുപ്പ് പെരിയാർ വെസ്റ്റ് ഡിവിഷന് കീഴിലുള്ളത്. ഭക്തർക്ക് കടന്നുപോകാനായി ഇരുവഴികളും പൂർണ്ണസജ്ജമായി.

കാനനപാതയിൽ പലയിടങ്ങളിലായി സേവനകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണങ്ങൾ തടയാനും സംവിധാനങ്ങളുണ്ട്. കഴിഞ്ഞ വർഷം അമ്പതിനായിരത്തോളം ഭക്തരാണ് പരമ്പരാഗത കാനനപാതവഴി സന്നിധാനത്തെത്തിയത്. ഇത്തവണ കൂടുതൽ പേരെത്തുമാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്.

സന്നിധാനത്തെ പൊലീസ് വിന്യാസം ഇങ്ങനെ

ശബരിമലയിൽ ഈ സീസണിൽ വൻ പൊലീസ് സന്നാഹമാണുള്ളത്. തീര്‍ത്ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്. ഡി.ഐ.ജി മുതല്‍ അഡീഷണല്‍ ഡി.ജി.പി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്.

ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് സംരക്ഷണം ആവശ്യമുണ്ടെങ്കിൽ 9497990033 എന്ന നമ്പറിൽ വിളിക്കണം. ആവശ്യമുള്ളവർക്കെല്ലാം സുരക്ഷയൊരുക്കുമെന്ന് പത്തനംതിട്ട ഡിവൈഎസ്‍പിയുടെ ഓഫീസ് അറിയിച്ചു.

ഒരു സബ്ബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുളള കേരള പോലീസ് കമാന്‍റോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുളള മറ്റൊരു കമാന്‍റോ സംഘം പമ്പയിലുണ്ടാകും. കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്‍റെ ഒരു പ്ലറ്റൂണിനെ മണിയാറില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന കേരള പോലീസിന്‍റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്.

റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്‍റെ രണ്ട് കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫി ന്‍റെ രണ്ട് സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാകും. ഒരു വനിതാ ഇന്‍സ്പെക്ടറും രണ്ട് വനിതാ സബ്ബ് ഇന്‍സ്പെക്ടര്‍മാരും 30 വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരും അടങ്ങുന്ന കര്‍ണാടക പോലീസിന്‍റെ സംഘവും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.

error: Content is protected !!