ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആന്ധ്ര, തമിഴ്നാട് സംഥാനങ്ങളില്‍ ശക്തി പ്രാപിച്ചുവരുന്ന ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന്  കേരളത്തില്‍ പൊതുനങ്ങള്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിലവിലെ സ്ഥിതിയില്‍, തമിഴ് നാട്ടില്‍ പ്രവേശിച്ച ഗജ ചുഴലിക്കാറ്റ് ഒരു തീവ്ര ന്യൂനമര്‍ദമായി ശക്തി കുറഞ്ഞ് മധ്യകേരളത്തിലൂടെ, കിഴക്ക് നിന്നും പടിഞ്ഞാറ് ദിശയില്‍, തമിഴ് നാട്ടില്‍ നിന്നും അറബി കടലിലേക്ക് സഞ്ചരിക്കും.

ഗജ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ ഇന്ന് കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ അതി ശക്തമായ കാറ്റ് (മണിക്കൂറില്‍ 30-40 കിമി മുതല്‍ ചില സമയങ്ങളില്‍ 50 കിമി വരെ വേഗത്തില്‍) വീശുവാന്‍ സാധ്യത ഉണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങൾ മരങ്ങളുടെ കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതെയിരിക്കുവാനും, ബലഹീനമായ വൈദ്യുത-ടെലിഫോണ്‍ പോസ്റ്റുകളുടെ ചുവട്ടിൽ നിന്ന് മാറി നിൽക്കുവാനും ശ്രദ്ധിക്കുക.

ഗജ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കുവന്‍ സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തവും, അതി ശക്തവുമായ മഴയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍  ഇന്ന് ശക്തമായ മഴയും ലഭിച്ചേക്കും. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഴ സംബന്ധിയായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ഇന്ന്  വൈകുന്നേരം മുതൽ നവംബർ 20 വരെ അറബിക്കടലിലും, കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും, കന്യാകുമാരി ഭാഗത്തും ഗൾഫ് ഓഫ് മാന്നാറിലും ഒരു കാരണവശാലും മത്സ്യബന്ധനത്തിനായി പോകാൻ പാടിലെന്നും അറിയിപ്പിലുണ്ട്.

ഇതിനോടകം ഈ മേഖലയിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയവരിലേക്ക് ഈ വിവരം അറിയിക്കുകയും അവരെ നവംബർ 16 ന് വൈകീട്ടോട് കൂടി അടുത്തുള്ള സുരക്ഷിതമായ തീരത്തെത്താൻ ആവശ്യപ്പെടുകയും ചെയ്യേണ്ടതാണെന്നും അറിയിപ്പുലുണ്ട്.

പൊതുജനങ്ങൾക്കുള്ള അറിയിപ്പ്

1. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
2 . മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിർത്തരുത്.
3 . മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
4 . കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക.
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
5 . ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്.
6 . പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.
7 . പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ലെന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
8 . നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുന്നത് ഉചിതമായിരിക്കും.

ഈ കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ):

 • ടോര്‍ച്ച്
 • റേഡിയോ
 • 1 L വെള്ളം
 • ORS ഒരു പാക്കറ്റ്
 • അത്യാവശ്യം വേണ്ടുന്ന മരുന്നുകള്‍
 • മുറിവിന് പുരട്ടാവുന്ന മരുന്ന്
 • ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍
 • 100 ഗ്രാം കപ്പലണ്ടി
 • 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം
 • ബിസ്ക്കറ്റോ റസ്ക്കോ പോലുള്ള Dry Snacks
 • ചെറിയ ഒരു കത്തി
 • 10 ക്ലോറിന് ടാബ്ലെറ്റ്
 • ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി
 • ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ്ജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോണ്‍
 • തീപ്പെട്ടിയോ ലൈറ്ററോ
 • അത്യാവശ്യം കുറച്ച് പണം

9 . പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയര്‍ന്ന സ്ഥലത്ത് സൂക്ഷിക്കുക.
10 . ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ലെന്ന് വീട്ടിലുള്ളവർക്ക് നിര്‍ദ്ദേശം നല്കുക.
11 . ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.

error: Content is protected !!