സന്നിധാനത്ത് ഹോട്ടലുകളും കൗണ്ടറുകളും അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി

സന്നിധാനത്ത് ഹോട്ടലുകളും കൗണ്ടറുകളും രാത്രി അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‍റ. ശബരിമല സന്നിധാനത്ത് ഹോട്ടലുകളും അന്നദാനകേന്ദ്രങ്ങളും പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറുകളും രാത്രി 11 മണിക്ക് അടയ്ക്കണമെന്ന തരത്തിലുള്ള നിയന്ത്രണം പൊലീസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഡിജിപി അറിയിച്ചു. പൊലീസ് ഇൻഫർമേഷൻ സെന്‍റർ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നടയടച്ച ശേഷം 11 മണിയോടെ ഹോട്ടലടക്കമുള്ള എല്ലാ കടകളും പൂട്ടണമെന്നും പ്രസാദ വിതരണ കൗണ്ടറുകള്‍ രാത്രി പത്തിന് ശേഷം പ്രവര്‍ത്തിക്കരുതെന്നും പൊലീസ് നിര്‍ദേശമുണ്ടെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ  പറഞ്ഞിരുന്നു. ഇതിനെതിരെ ദേവസ്വം ബോര്‍ഡും അതൃപ്തി അറിയിച്ചിരുന്നു. ദേവസ്വംബോർഡിന് വലിയ വരുമാനം നൽകുന്ന കേന്ദ്രങ്ങളാണ് അപ്പം-അരവണ കൗണ്ടറുകളും അന്നദാനകേന്ദ്രങ്ങളും. നെയ്യഭിഷേകത്തിന് വലിയ ബുദ്ധിമുട്ടാകും ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്ന് ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കിയിരുന്നു. രാത്രി നിയന്ത്രണത്തിൽ പ്രതിഷേധവുമായി വ്യാപാരികളും രംഗത്തെത്തി. തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം.

error: Content is protected !!