റഫാല്‍: സുപ്രീം കോടതിയില്‍ ഇന്ന് നിര്‍ണായക വാദം കേള്‍ക്കല്‍

റഫാൽ യുദ്ധവിമാന കരാറിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ നൽകിയ വിവരങ്ങൾ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. യുദ്ധവിമാനത്തിന്‍റെ വില സംബന്ധിച്ച വിവരങ്ങൾ സീൽവെച്ച കവറിൽ സര്‍ക്കാര്‍ കോടതിയിൽ നൽകിയിട്ടുണ്ട്. കൂടാതെ കരാറിന്‍റെ നടപടികൾ വിവരിച്ച് സത്യവാങ്മൂലവും നൽകിയിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് റഫാൽ കരാര്‍ ഒപ്പുവെച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

കേസിൽ അന്വേഷണം ആവശ്യപ്പെട്ട് എം എൽ ശര്‍മ്മ, പ്രശാന്ത്ഭൂഷണ്‍ എന്നിവര്‍ നൽകിയ പൊതുതാല്‍പര്യ ഹര്‍ജികളിലാണ് റഫാൽ ഇടപാടിന്‍റെ വിശദാംശങ്ങൾ കൈമാറാൻ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹയും കേസിൽ കക്ഷി ചേര്‍ന്നിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരും ബെഞ്ചിലുണ്ട്. റഫാല്‍ കരാറിനെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ളതാണ് പൊതുതാല്‍പര്യ ഹര്‍ജി.

error: Content is protected !!