പാട്ടത്തിനെടുത്ത ഭൂമി കുഴിച്ച് ‘നിധിവേട്ട’; സംഘത്തെ അന്വേഷിച്ച് പൊലീസ്

കോഴിക്കോട് അത്തോളിയിൽ അന്ത വിശ്വാസത്തിന്‍റെ പേരിൽ നിധി തേടിയുള്ള അന്വേഷണം. പാട്ടത്തിനെടുത്ത ഭൂമി കുഴിച്ചാണ് കല്ലായി സ്വദേശികൾ പ്രദേശത്ത് നിധി അന്വേഷണം നടത്തിയത്. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് സംഘം കടന്നു കളഞ്ഞു. അത്തോളി പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. പുരാവസ്തു ഗവേഷണ വിഭാഗം സ്ഥലം സന്ദർശിച്ചു.

അത്തോളി വേളൂര്‍ മൂസ്സ എന്നയാളുടെ ഒന്നരയേക്കർ പറമ്പ് പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ എന്ന പേരിലാണ് കല്ലായി സ്വദേശികളായ ഒരു സംഘം പാട്ടത്തിന് എടുത്തത്. പിന്നീട് സ്ഥലത്തിന് മറ കെട്ടിയ സംഘം ഭൂമി കുഴിക്കാൻ തുടങ്ങി. നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുമ്പോഴേക്കും ഇവർ കടന്ന് കളഞ്ഞിരുന്നു. ഒരു പൂജാരി സ്ഥലത്ത് നിധിയുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇവർ ഇവിടം കുഴിച്ചതെന്ന് നാട്ടുകാർ പറയുന്നു.

പ്രദേശത്ത് നാട്ടുകാർ പരിശോധന നടത്തിയപ്പോൾ ചില നാണയങ്ങൾ, പാത്രം എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുരാവസ്തു ഗവേഷണ വകുപ്പിനെ വിവരമറിയിച്ചത്. പരിശോധന നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. ഇവർ എന്തിനാണ് പ്രദേശത്ത് കുഴിയെടുത്ത് തെരച്ചിൽ നടത്തിയത് എന്നതിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

error: Content is protected !!